മുംബൈ: നിരോധിത സംഘടനയായ സിമിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറി സാഖ്വിബ് നാച്ചൻ (63) ഭീകരവാദ കേസിൽ വീണ്ടും അറസ്റ്റിൽ. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ബന്ധം ആരോപിച്ചാണ് അറസ്റ്റ്. മുംബൈ, താണെ, പുണെ, ബംഗളൂരു എന്നിവിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് നാച്ചൻ അടക്കം 13 പേരെ അറസ്റ്റ് ചെയ്തത്. മുംബൈ ബോരിവലിയിലെ പഡ്ഘ ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് അറസ്റ്റ്ചെയ്തത്.
രാജ്യത്ത് സ്ഫോടനങ്ങൾ നടത്താനുള്ള ഐ.എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് നാച്ചൻ ആണെന്നാണ് ആരോപണം. ഭീകരവാദ പ്രവർത്തനങ്ങൾക്ക് യുവാക്കളെ സംഘടിപ്പിച്ചതും അവർക്ക് ഐ.എസിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും നാച്ചനാണെന്ന് പറഞ്ഞ എൻ.ഐ.എ, പഡ്ഘ ഗ്രാമത്തെ സ്വതന്ത്ര പ്രവിശ്യയായി സാഖ്വിബ് സ്വയം പഖ്യാപിച്ചതായും ആരോപിച്ചു. മകൻ ശാമിൽ നാച്ചനെയും ഇതേ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
1991 മുതൽ നാച്ചനും പഡ്ഘ ഗ്രാമവും ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. 11 ഭീകരവാദ കേസുകളാണ് ഇതുവരെ സാഖ്വിബ് നാച്ചനെതിരെ ഉണ്ടായിരുന്നത്. 1990ൽ രണ്ടുതവണ പാകിസ്താൻ സന്ദർശിച്ച ഇദ്ദേഹം മുസ്ലിം, സിഖ് യുവാക്കൾക്ക് ആയുധ, സ്ഫോടന പരിശീലനത്തിന് സാധ്യത തേടിയെന്നും ’91 മുതൽ മുസ്ലിം യുവാക്കളെയും ഖലിസ്താൻ ബന്ധമുള്ള സിഖ് യുവാക്കളെയും പാകിസ്താനിലേക്ക് അയച്ചെന്നും രാജ്യത്തുടനീളം ഖലിസ്താൻ, മുസ്ലിം തീവ്രവാദ ശൃംഖലയുണ്ടാക്കാനുള്ള പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നുമാണ് അന്നത്തെ ആരോപണം.
ഈ കേസിൽ 1992ൽ അഹ്മദാബാദിൽ അറസ്റ്റിലായി. ടാഡ കോടതി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും സുപ്രീംകോടതി ശിക്ഷ പത്തു വർഷമായി കുറച്ചു.
പിന്നീട് 2002-2003ൽ മുംബൈ സ്ഫോടന പരമ്പരകളിൽ പ്രതിയായി. ഈ കേസിൽ ഭീകരവാദ ആരോപണങ്ങളിൽ നിന്ന് കുറ്റമുക്തനായെങ്കിലും ആയുധ ക്കേസിൽ ‘പോട്ട’ നിയമ പ്രകാരം 10 വർഷം ശിക്ഷിക്കപ്പെട്ടു. 2017 ലാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.