‘എന്നെ ആലോചിച്ച് പാർട്ടി വിടാൻ മാത്രം ദുർബലനാണോ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ’ എന്ന് രാഘവ്ഗഢിലെ സിറ്റിങ് എം.എൽ.എയും ദിഗ്വിജയ് സിങ്ങിന്റെ മകനും കമൽനാഥ് സർക്കാറിൽ നഗരവികസന മന്ത്രിയുമായിരുന്ന ജയവർധൻ സിങ് ചോദിച്ചു.
ഒരു വ്യക്തി മൂലം ഒരാൾ പാർട്ടി വിടണമെങ്കിൽ അയാൾ അതിനുമാത്രം ദുർബലനാകണം. അതൊരിക്കലും സംഭവിക്കില്ലെന്നും ജയവർധൻ സിങ് തുടർന്നു. ജനം കരുതുന്ന പോലെ തനിക്കും സിന്ധ്യക്കുമിടയിൽ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു.
കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാറിൽ രണ്ടുതവണ മന്ത്രിയായിരുന്ന നേതാവാണ് അദ്ദേഹം. 2018ൽ കോൺഗ്രസ് ഭരിച്ച 15 മാസം സിന്ധ്യയോടൊപ്പമുള്ള എട്ടുപേർ മന്ത്രിസഭയിലുണ്ടായിരുന്നു. ഇത്രയും പേരെ മന്ത്രിയാക്കിയിട്ടും അവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണോ പറയുന്നത്? ഈ മന്ത്രിമാർ സ്വന്തം നിലക്കും പണിയെടുത്തിട്ടില്ലേ? മന്ത്രിപദവി ലഭിച്ചെങ്കിൽ പണിയെടുത്താണ് അതിന്റെ ഫലം കാണിച്ചുകൊടുക്കേണ്ടത്.
സിന്ധ്യ പറഞ്ഞ എല്ലാ കാര്യങ്ങളും കമൽനാഥ് ചെയ്തുകൊടുത്തിട്ടുണ്ട്. സിന്ധ്യ സ്കൂളിന്റേതടക്കം മന്ത്രിസഭയിൽ അദ്ദേഹത്തിന്റേതായി വന്ന എല്ലാ കാര്യങ്ങളും പാസാക്കിക്കൊടുത്തു. ഇതിനുള്ള അധികാരമെല്ലാം സിന്ധ്യക്കുണ്ടായിരുന്നു. എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റത് ഉൾക്കൊള്ളാൻ സിന്ധ്യക്കായില്ല. അതുകൊണ്ടാണ് അദ്ദേഹം കോൺഗ്രസ് വിട്ടതെന്നും ജയവർധൻ സിങ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.