അനിശ്ചിതത്വത്തിനും ആശങ്കക്കുമൊടുവിൽ ആ 41 പേരും തിരികെ ജീവിതത്തിലേക്ക്. ബുധനാഴ്ച രാത്രി സിൽക്യാര തുരങ്കം ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് തുരക്കുന്നതിനിടെ ഇരുമ്പുപാളി തടസ്സം തീർത്തത് താൽക്കാലികമായി തിരിച്ചടിയായെങ്കിലും ഇതുകൂടി മുറിച്ചുമാറ്റി വ്യാഴാഴ്ച പുലർച്ചെയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഒരു ദിവസംകൊണ്ട് 36 മീറ്റർ നീളത്തിൽ ആറ് ഇരുമ്പുകുഴലുകളാണ് തൊഴിലാളികൾ നിൽക്കുന്ന ഭാഗത്തേക്ക് കടത്തിയത്. ഇതാണ് 11 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ വഴിത്തിരിവായത്. 80 സെന്റിമീറ്റർ വ്യാസവും ആറു മീറ്റർ നീളവുമുള്ള ഒമ്പത് ഇരുമ്പുകുഴലുകൾ അമേരിക്കൻ നിർമിത ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിലൂടെ ബുധനാഴ്ച വൈകീട്ട് കയറ്റിയിരുന്നു. പത്താമത്തെ കുഴൽകൂടി കയറ്റി 60 മീറ്റർ നീളത്തിൽ കുഴൽപ്പാത എന്ന ലക്ഷ്യം പൂർത്തിയാക്കി രാത്രി എട്ടുമണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇവരെ സ്വീകരിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സിൽക്യാരക്കടുത്ത് വൈകീട്ട് എത്തി ക്യാമ്പ് ചെയ്തു.
ദുരന്തനിവാരണ സേനാംഗങ്ങൾ കുഴൽപ്പാതയിലൂടെ ഇഴഞ്ഞുനീങ്ങി തൊഴിലാളികളുടെ അടുത്തേക്ക് നീങ്ങാൻ കാത്തു നിൽക്കേ അവശിഷ്ടങ്ങളിലെ ഇരുമ്പുപാളിയിലുടക്കി അവസാന കുഴൽ മുന്നോട്ടുപോയില്ല. തുടർന്ന് ആ തടസ്സം ഇരുമ്പുകട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനുള്ള സമയംകൂടി കണക്കിലെടുത്താണ് വ്യാഴാഴ്ച രാവിലെയാകും തൊഴിലാളികൾ പുറത്തുവരുകയെന്ന അറിയിപ്പ് വന്നത്.
40-50 മീറ്ററിനിടയിൽ തുരക്കുന്നത് ഏറ്റവും നിർണായകമാണെന്ന് നാഷനൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (എൻ.എച്ച്.ഐ.ഡി.സി.എൽ) മാനേജിങ് ഡയറക്ടർ മഹ്മൂദ് അഹമ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ, 54 മീറ്റർ തടസ്സമൊന്നുമില്ലാതെ മുന്നോട്ടുപോയി. ബുധനാഴ്ച മൈക്രോഫോണും സ്പീക്കറും ടവലും അടിവസ്ത്രങ്ങളും തൊഴിലാളികൾക്ക് എത്തിച്ചിട്ടുണ്ട്. ദിവസങ്ങളായി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതുകൊണ്ട് മലബന്ധമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞിരുന്നു. ഇതിനുള്ള മരുന്ന് കുഴലിലൂടെ എത്തിച്ചു. മനോരോഗ വിദഗ്ധനുമായും അവർ സംസാരിച്ചു. രാജ്യാന്തര വിദഗ്ധൻ ആർണോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘവും കഴിഞ്ഞ ദിവസം രക്ഷാദൗത്യത്തിൽ ചേർന്നിരുന്നു.
തിങ്കളാഴ്ച 57 മീറ്റർ വരെ കടത്തിയ ആറ് ഇഞ്ച് വ്യാസമുള്ള ഇരുമ്പുകുഴലുകളിലൂടെയാണ് ഭക്ഷണം എത്തിക്കുന്നത്. എൻഡോസ്കോപ്പി കാമറ കടത്തി ചൊവ്വാഴ്ച തൊഴിലാളികളുടെ രണ്ടു മിനിറ്റ് മൂന്നു സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്തിയിരുന്നു. വെള്ളിയാഴ്ച ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് തുരക്കുന്നതിനിടെ അവശിഷ്ടങ്ങൾക്കടിയിൽ ഇരുമ്പുപാളിയിൽ തട്ടിയതിനാലാണ് രക്ഷാപ്രവർത്തനം നിർത്തിയത്. 24 മീറ്റർ തുരന്നപ്പോഴായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.