ജലന്ധർ: മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പഞ്ചാബിലെ ക്രിസ്ത്യൻ പുരോഹിതരുടെ വസതികളിലും സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. പാസ്റ്റർമാരായ ജലന്ധർ സ്വദേശി ബജീന്ദർ സിങ്, കപൂർത്തല സ്വദേശി ഹർപ്രീത് ഡിയോൾ എന്നിവരുടെ വസതികളിലാണ് ആദായനികുതി വകുപ്പ് (ഐ.ടി) സംഘം റെയ്ഡ് നടത്തിയത്. ഗോത്രവർഗക്കാരെ ക്രിസ്തുമതത്തിലേക്ക് മതംമാറ്റുന്നുവെന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടി.
ജലന്ധർ, അമൃത്‌സർ, ന്യൂ ചണ്ഡീഗഡ്, കുരാളി, മൊഹാലി എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. എല്ലാ സ്ഥലങ്ങളിലും ഒരേസമയമായിരുന്നു തെരച്ചിൽ. ഭട്ടിൻഡ, ഹരിയാന, ജമ്മു, അമൃത്സർ എന്നിവിടങ്ങളിൽ നിന്നുള്ള 50 ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. പരിശോധനക്ക് മുന്നോടിയായി സിആർപിഎഫിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥാപനങ്ങൾക്കും വസതികൾക്കും പുറത്ത് നിലയുറപ്പിച്ചിരുന്നു.
കപൂർത്തലയിലെ ഖോജെവാളിൽ സ്ഥിതി ചെയ്യുന്ന ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന പള്ളിയായ ദി ഓപ്പൺ ഡോർ ചർച്ചിൽ രാവിലെ 8 മണിയോടെ ഐ-ടി വകുപ്പ് രേഖകൾ പരിശോധിച്ചു. 30 ലധികം ജീവനക്കാരെ ചോദ്യം ചെയ്തു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകളും സ്വത്ത് വിവരങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
പാസ്റ്റർമാർ രോഗശാന്തി ശുശ്രൂഷകളുടെ മറവിൽ പള്ളികൾ നടത്തുന്നുവെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് ധനസഹായം സ്വീകരിക്കുന്നുവെന്നുമാണ് ഐ.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം.
കഴിഞ്ഞ ദിവസം ചത്തീസ്ഗഢിലെ ബസ്നയിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ 1100 ക്രിസ്തുമത വിശ്വാസികളെ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് മതംമാറ്റിയിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് സിങ് ജൂദേവിന്റെ നേതൃത്വത്തിൽ ഘർവാപ്പസി എന്നപേരിലാണ് മതംമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. പണ്ഡിറ്റ് ഹിമാൻഷു കൃഷ്ണ മഹാരാജ് എന്ന ഹിന്ദുപുരോഹിതനാണ് മതംമാറുന്നവർക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
325 കുടുംബങ്ങളിൽ നിന്നുള്ള 1100ഓളം പേർ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് വീണ്ടും ഹിന്ദുമതം സ്വീകരിക്കാൻ രംഗത്തുവന്നതാണെന്ന് ജൂദേവ് പറഞ്ഞു. തങ്ങൾ വഴിതെറ്റിപ്പോയെന്നും വർഷങ്ങൾക്ക് മുമ്പ് മതപരിവർത്തനത്തിന് ഇരയായെന്നും ഘർ വാപ്പസിയിൽ പങ്കെടുത്ത ആളുകൾ പറഞ്ഞതായി ഇയാൾ അവകാശപ്പെട്ടു. ചടങ്ങിന്റെ വിഡിയോയും ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.