ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യവും പൊലീസും നടത്തിയ പെല്ലറ്റ് ആക്രമണങ്ങളിൽ ഏകദേശം 2500 പേർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ട്. കശ്മീർ സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജൂലൈ എട്ടിന് ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമുള്ള കണക്കുകളാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്നത്.
പരിക്കേറ്റവരിൽ 55 പേർ വനിതകളാണ്. ഇതിൽ ചിലർക്ക് കണ്ണിനുൾപ്പടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. പെല്ലറ്റ് ബുള്ളറ്റുകൾ മൂലം കണ്ണിന് പരിക്കേറ്റവർക്ക് സർക്കാർ ജോലികളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് പരിഗണിക്കുന്നുവെന്ന് അധികൃതകർ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അതേ സമയം, ആക്രമണങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് കിട്ടിയതായി കശ്മീർ മനുഷ്യാവകാശ കമീഷൻ സ്ഥിരീകരിച്ചു. ബന്ദിപോര, ബുദ്ഗാം എന്നിവടങ്ങളിലെ കണക്കുകൾ ലഭ്യമായിട്ടില്ലെന്നും കമീഷൻ വ്യക്തമാക്കി. കണക്കുകൾ പരിശോധിച്ച് ഭാഗികമായും പൂർണമായും അംഗവൈകല്യം ബാധിച്ചവരെ കണ്ടെത്തുമെന്നും ജസ്റ്റിസ് നാസികി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.