ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ പൊതുസ്ഥാനാർഥി മാർഗരറ്റ് ആൽവയെ 182നെതിരെ 528 വോട്ടുകൾക്ക് അനായാസം തോൽപിച്ച് എൻ.ഡി.എയുടെ ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി അവസാനിക്കുന്നതിന്‍റെ പിറ്റേന്നായ ഈ മാസം 11ന് അടുത്ത ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്യും. പോൾ ചെയ്തതിന്‍റെ 75 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് മുൻ പശ്ചിമ ബംഗാൾ ഗവർണർ കൂടിയായ ധൻഖറിന്‍റെ വിജയം.
372 വോട്ടാണ് ജയിക്കാനാവശ്യം. ആകെയുള്ള 780 വോട്ടിൽ 394 വോട്ട് സ്വന്തമായുണ്ടായിരുന്ന ബി.ജെ.പി എളുപ്പം ജയമുറപ്പിച്ചു. ആകെ പോൾ ചെയ്ത 725ൽ 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ ഭിന്നത പ്രകടമായ തെരഞ്ഞെടുപ്പിൽ മാർഗരറ്റ് ആൽവക്ക് 25 ശതമാനം വോട്ട് പോലും നേടാനായില്ല.
കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനെതിരെ പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽകൃഷ്ണ ഗാന്ധിക്ക് 32 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഉപരാഷ്ട്രപതി രാജ്യസഭ ചെയർമാൻ കൂടിയാണ്. ധൻഖറിന്‍റെ ജയത്തോടെ പാർലമെന്‍റിന്‍റെ ഇരുസഭകളെയും നിയന്ത്രിക്കുന്നവർ രാജസ്ഥാനിൽനിന്നുള്ളവരായി. ലോക്സഭ സ്പീക്കർ ഓം ബിർലയും രാജസ്ഥാൻകാരനാണ്.
കർഷകപുത്രനെന്ന് ബി.ജെ.പി വിശേഷിപ്പിക്കുന്ന ധൻഖർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ജാട്ട് നേതാവാണ്. സംസ്ഥാനത്ത് ജാട്ടുകൾക്ക് ഒ.ബി.സി പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. അഭിഭാഷകനായിരുന്ന ധൻഖർ 1989 മുതലാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ആ വർഷം തന്നെ രാജസ്ഥാനിലെ ഝുൻഝുനു മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിക്കുകയും അടുത്ത വർഷം കേന്ദ്രമന്ത്രിയാകുകയും ചെയ്തു.
രാജസ്ഥാൻ ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തിരുന്ന ധൻഖർ കേന്ദ്രമന്ത്രിയായ അതേ വർഷമാണ് മുതിർന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം കിട്ടിയത്. 1993-98 കാലയളവിൽ കിഷൻഗഢ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് രാജസ്ഥാൻ വിധാൻ സഭയിൽ അംഗമായിരുന്നു.
1951ൽ രാജസ്ഥാനിലെ ഝുൻഝുനുവിൽ കർഷക കുടുംബത്തിലാണ് ജനനം. ഗ്രാമത്തിലെ സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം സ്കോളർഷിപ്പോടെ സൈനിക് സ്കൂളിൽ പ്രവേശനം നേടി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അഞ്ചു കിലോമീറ്ററോളം നടന്നാണ് സ്കൂളിൽ പോയിരുന്നത്. ഭാര്യ- സുദേഷ് ധൻഖർ. ഒരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.