പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണം; ബീഫ് കടകൾ അടച്ചിട്ട് ഗോവയിൽ വ്യാപാരികളുടെ പ്രതിഷേധം

മഡ്ഗാവ്: പശുസംരക്ഷക ഗുണ്ടകളുടെ നിരന്തര ഭീഷണിയിലും ആക്രമണത്തിലും പ്രതിഷേധിച്ച് ഗോവയിലുടനീളം ബീഫ് കടകൾ അടച്ചിട്ടു. മഡ്ഗാവിൽ കഴിഞ്ഞയാ​ഴ്ച പശുസംരക്ഷക ഗുണ്ടകൾ ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകൾ അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകൾ അടഞ്ഞുകിടക്കുകയാണ്.

തങ്ങളുടെ സുരക്ഷയിൽ കടുത്ത ആശങ്കയാണ് ഖുറൈശി മീറ്റ് ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പങ്കുവെക്കുന്നത്. ‘ഒരു കച്ചവടക്കാരനും ബീഫ് വിൽക്കില്ല. ഞങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്‘ -അ​സോസിയേഷൻ ജനറൽ സെക്രട്ടറി അൻവർ ബെപാരി ‘ടൈംസ് ഓഫ് ഇന്ത്യ​’യോട് പറഞ്ഞു.

മു​ഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയാണ് വ്യാപാരികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങൾ തടയുകയും ഉരുക്കളെ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

‘ഗോവ എക്കാലത്തും അതിന്റെ സമാധാനപരമായ സഹവർത്തിത്വത്തിൽ അഭിമാനിക്കുന്നു. വ്യാപാരികൾക്കെതിരായ ആക്രമണങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. മതത്തിന്റെ മറവിൽ വർഗീയ സംഘർഷങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. പതിറ്റാണ്ടുകളായി ഗോവ കാത്തുസൂക്ഷിക്കുന്ന ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണിത്’ -മുഖ്യമന്ത്രി സാവന്തിന് എഴുതിയ കത്തിൽ അസോസിയേഷൻ ഓഫ് ഓൾ ഗോവ മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് ബഷീർ അഹമ്മദ് ഷെയ്ഖ് ചൂണ്ടിക്കാട്ടി.

‘പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ പശുക്കളെ ശരിക്കും ശ്രദ്ധിക്കുന്നില്ല. കൊള്ളയടിക്കുന്നതിലാണ് അവർക്ക് താൽപര്യം. കച്ചവടം തുടരണമെങ്കിൽ പണം നൽകണമെന്ന് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർ നേരത്തെ സംസ്ഥാന അതിർത്തിയിൽ വന്ന് ഞങ്ങളെ ഉപദ്രവിക്കുമായിരുന്നു. ഇപ്പോൾ അവർ ഞങ്ങളുടെ കടകളിലേക്ക് കടന്നുകയറുന്നു. നിയമപരമായ രീതിയിൽ കച്ചവടം നടത്തുന്ന ഞങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല’ -അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷബീർ ഷെയ്ഖ് പറഞ്ഞു.

ഗോവയിലുടനീളം 75ലേറെ ബീഫ് കടകളുണ്ടെന്നാണ് കണക്ക്. ഇവയിൽ 250ലേറെപ്പേർ ജോലി ചെയ്യുന്നു. ദിവസം 25 ടണ്ണിലേറെ ബീഫാണ് ഗോവയിൽ വിൽക്കുന്നത്. ഇതിൽ പകുതിയോളവും വരുന്നത് അടുത്ത സംസ്ഥാനങ്ങളിൽനിന്നാണ്. 

Tags:    
News Summary - Beef Shops In Goa Shut Down After Clash With Cow Vigilantes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.