ന്യൂഡൽഹി: കുടിലും കിടപ്പാടവും തകർക്കാൻ അധികൃതർ അയച്ച ബുൾഡോസറുകൾക്ക് മുന്നിൽ കരഞ്ഞ് തളർന്ന് ജഹാംഗീർപൂരിലെ വീട്ടമ്മമാർ. മുന്നറിയിപ്പ് പോലും നൽകാതെ പാഞ്ഞെത്തി വീട്ടുപകരണങ്ങൾ വരെ തകർത്തു മുന്നേറുന്ന യന്ത്രക്കരങ്ങൾക്ക് മുമ്പിൽ കരഞ്ഞ് കൊണ്ട് അപേക്ഷിക്കുന്ന വീട്ടമ്മയുടെ ദൃശ്യങ്ങൾ ജഹാംഗീർപൂരിലെ ഭരണകൂട ഭീകരതയുടെ നേർചിത്രമായി. 'ദ ക്വിന്‍റ്' അസോസിയേറ്റ് എഡിറ്റർ ഈശ്വർ രഞ്ജന പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ 16ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ജഹാംഗീർപുരിയിൽ ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിലാണ് ഇന്ന് ഒഴിപ്പിക്കൽ പുന:രാരംഭിച്ചത്. കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്. ഡൽഹി പൊലീസ് സഹായത്തോടെ ബംഗാളി മുസ്ലിംകൾ താമസിക്കുന്ന കോളനികൾ പൊളിച്ചുമാറ്റിയാണ് തുടങ്ങിയത്.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സുപ്രീംകോടതി ഒഴിപ്പിക്കൽ നിർത്തിവെച്ച് ഉത്തരവിട്ടിട്ടും കോർപറേഷൻ അധികൃതർ ബുൾഡോസറുകൾ തിരിച്ചുവിളിച്ചില്ല. കോടതി ഉത്തരവ് ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ഒഴിപ്പിക്കൽ തുടർന്നത്. കോടതി ഉത്തരവ് ലഭിച്ചാൽ മാത്രമേ നടപടി നിർത്തൂവെന്നാണ് കോർപറേഷൻ മേയർ പറഞ്ഞത്. എത്രയും വേഗം ഉത്തരവ് ലഭ്യമാക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
(ഫോട്ടോ: ഈശ്വർ രഞ്ജന, ദ ക്വിന്‍റ്)
ജഹാംഗീർപുരിയിലെ കലാപകാരികളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ബി.ജെ.പി മേധാവി ആദേശ് ഗുപ്ത കോർപറേഷന് കത്ത് നൽകിയിരുന്നു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കുടിയേറ്റക്കാരാണ് പ്രശ്നക്കാരെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. ഇന്ന് രാവിലെ പൊലീസ് സ്പെഷൽ കമീഷണർ ദീപേന്ദ്ര പതകും ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്തി. പിന്നാലെയാണ് രണ്ട് ദിവസത്തെ കൈയേറ്റം ഒഴിപ്പിക്കൽ നടപടിക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.