‘ജയ് ഫലസ്തീൻ’ മുദ്രാവാക്യം: ‘പൊള്ളയായ ഭീഷണി ചെലവാകില്ല’; വിമർശകർക്ക് മറുപടിയുമായി ഉവൈസി

ന്യൂഡൽഹി: ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം ‘ഫലസ്തീൻ ജയിക്കട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിയതിനെതിരായ വിമർശനത്തെ തള്ളി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്‍ നേതാവ് അസദുദ്ദീൻ ഉവൈസി. വിമർശനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ’ എന്ന് ഉവൈസി മറുപടി നൽകി.

ഭരണഘടനയെ കുറിച്ച് തനിക്കും അറിയാം. ഇത്തരം പൊള്ളയായ ഭീഷണി തന്‍റടുത്ത് ചെലവാകില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഹൈദരാബാദ് എം.പിയായി അഞ്ചാം തവണയും സത്യപ്രതിജ്ഞ ചെയ്യവെയാണ് അസദുദ്ദീൻ ഉവൈസി ‘ജയ് ഫലസ്തീൻ...’ എന്ന് വിളിച്ചത്.

18-ാം ലോക്സഭയിൽ അംഗമായി സത്യപ്രതിജ്ഞ ചൊല്ലാൻ ഉവൈസിയെ വിളിച്ചപ്പോൾ ബി.ജെ.പി എം.പിമാർ ‘ജയ് ശ്രീറാം’ വിളിച്ചിരുന്നു. തുടർന്ന് ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, തക്ബീർ അല്ലാഹു അക്ബർ...’ എന്ന് വിളിച്ചാണ് സത്യപ്രതിജ്ഞ ഉവൈസി അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെ ‘ജയ് ഫലസ്തീൻ’ എന്ന് വിളിച്ചതിനെതിരെ ബി.ജെ.പി എം.പിമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഉവൈസിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ഒരു രാജ്യത്തെയും പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല, എന്നാൽ, സഭയിൽ ഏതെങ്കിലും രാജ്യത്തിന്‍റെ പേര് എടുത്ത് പറയുന്നത് ശരിയല്ലെന്ന് പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

ജയ് ഫലസ്തീൻ എന്ന് പറയുന്നതിൽ നിന്ന് തന്നെ വിലക്കുന്ന ഒരു വ്യവസ്ഥയും ഇന്ത്യൻ ഭരണഘടനയിലില്ലെന്ന് ഉവൈസി ഇന്നലെ പ്രതികരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.