ന്യൂഡൽഹി: തിഹാർ ജയിലിലായിരുന്ന കശ്മീരി വിഘടനവാദി നേതാവ് അൽതാഫ് ഷാ (66) ആശുപത്രിയിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു (എയിംസ്) മരണമെന്ന് അദ്ദേഹത്തിന്റെ മകൾ റുവ ഷാ ട്വീറ്റ്ചെയ്തു.
വൃക്കക്ക് അർബുദം ബാധിച്ചതിനെ തുടർന്ന് റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്ന അൽതാഫ് ഷായെ ഒക്ടോബർ ഒന്നിന് ഡൽഹി ഹൈകോടതി ഉത്തരവിനെ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി 'എയിംസി'ലേക്ക് മാറ്റിയത്. തീവ്രവാദികൾക്ക് പണം നൽകിയെന്ന കേസിൽ 2018ലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മറ്റ് നേതാക്കളോടൊപ്പം അൽതാഫ് ഷായെ അറസ്റ്റ്ചെയ്തത്.
മകളെയോ മകനെയോ ഒരു മണിക്കൂർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. രോഗബാധിതനായ പിതാവിന് അടിയന്തര ചികിത്സ നൽകണമെന്നും ജാമ്യം അനുവദിക്കണമെന്നും മകൾ റുവ ഷാ ആറു മാസത്താളമായി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തും അയച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ചിരുന്നു. ഹുർറിയത്ത് ചെയർമാൻ പരേതനായ സയ്യിദ് അലി ഷാ ഗീലാനിയുടെ അടുത്ത അനുയായിയും മകളുടെ ഭർത്താവുമാണ് അൽതാഫ് ഷാ. സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2021 ഒക്ടോബറിൽ അൽതാഫ് ഷായുടെ മകൻ അനീസുൽ ഇസ്ലാമിനെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.