പട്ന: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സംഘടിപ്പിക്കുന്ന ഇഫ്താർ പാർട്ടി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് ജംഇയ്യതുൽ ഉലമായെ ഹിന്ദ്. മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളിൽ മൗനം പാലിക്കുന്നതിലും വഖഫ് വിഷയത്തിലെ ഇരട്ടത്താപ്പിലും പ്രതിഷേധിച്ച്, സ്വയം പ്രഖ്യാപിത മതേതര നേതാക്കളായ നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, ചിരാഗ് പാസ്വാൻ തുടങ്ങിയവരുടെ ഇഫ്താർ, ഈദ് മിലൻ തുടങ്ങി എല്ലാ പരിപാടികളും ബഹിഷ്കരിക്കുമെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ് നേതാവ് അർഷദ് മദനി പ്രഖ്യാപിച്ചു.
ഇതിനെതിരെ ചിരാഗ് പാസ്വാൻ രംഗത്തെത്തി. ‘‘മദനി സാഹിബിനോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ തീരുമാനത്തെയും ബഹുമാനിക്കുന്നു. എന്നാൽ, ആർ.ജെ.ഡി പോലെയുള്ള സ്വയം പ്രഖ്യാപിത മുസ്ലിം ചാമ്പ്യന്മാർക്ക് ന്യൂനപക്ഷ സമുദായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ആലോചിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കും’’ -ചിരാഗ് പാസ്വാൻ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന പരിപാടിയുടെ ഒരുക്കം വിലയിരുത്താനെത്തിയ ചിരാഗ് പാസ്വാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിനിടെ ബിഹാർ മുഖ്യമന്ത്രിയും എൻ.ഡി.എയിലെ സഖ്യകക്ഷിയുമായ നിതീഷ് കുമാറിനെ വിമർശിച്ചും ചിരാഗ് പാസ്വാൻ രംഗത്തെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന നിതീഷ് കുമാറിന് കുറ്റകൃത്യങ്ങൾ തടയാൻ കഴിയുന്നില്ല. ദലിതുകൾക്കെതിരെ, വിശേഷിച്ച് പാസ്വാൻ സമുദായത്തിനെതിരെ ആക്രമണങ്ങൾ വർധിക്കുകയാണ്. കുറച്ച് മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.