ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ, ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകി 2019ലെ ജമ്മു-കശ്മീർ പുനഃസംഘടന നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി ചെയ്തു. 55-ാം വകുപ്പ് പ്രകാരം നൽകിയിട്ടുള്ള അധികാര വിനിയോഗ ചട്ടത്തിലാണ് ഭേദഗതി വരുത്തിയത്. നടപടിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി.
ഭേദഗതി പ്രകാരം പൊലീസ്, ക്രമസമാധാനം, അഖിലേന്ത്യ സർവിസുകൾ, അഴിമതി വിരുദ്ധ സെൽ തുടങ്ങിയ വിഷയങ്ങളിൽ ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയോടെ മാത്രമേ തീരുമാനം സ്വീകരിക്കാനാവൂ. ജയിൽ, ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഗവർണറെ അറിയിക്കണം.
അഡ്വക്കറ്റ് ജനറൽ, നിയമകാര്യ ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറിമാരുടെ നിയമനം, സ്ഥലംമാറ്റം, അഖിലേന്ത്യ സർവിസിലുള്ളവരുടെ കേഡർ നിയമനം എന്നിവയും ഗവർണറുടെ അനുമതിയോടെ മാത്രമേ നടത്താവൂ. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി തിരിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്യുന്ന ജമ്മു-കശ്മീർ പുനഃസംഘടന നിയമം പാർലമെന്റ് പാസാക്കിയത്.
ജമ്മു-കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി അടുത്തെങ്ങും നൽകില്ലെന്നാണ് കേന്ദ്ര നടപടിയിൽ നിന്ന് മനസ്സിലാകുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിച്ചുനൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ കൊല ചെയ്യുന്നതാണ് നടപടിയെന്നും എല്ലാ പാർട്ടികളും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിനിർത്തി ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ജമ്മു-കശ്മീരിലെ അപ്നി പാർട്ടി ആവശ്യപ്പെട്ടു. പ്യൂണിനെ പോലും നിയമിക്കാൻ അധികാരമില്ലാത്ത റബർ സ്റ്റാമ്പ് മുഖ്യമന്ത്രിയെക്കാൾ നല്ല പദവി ജമ്മു-കശ്മീരിലെ ജനങ്ങൾ അർഹിക്കുന്നുണ്ടെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.