ന്യൂഡൽഹി: ബി.ജെ.പിയുടെ മൂന്ന് അജണ്ടകൾ കേന്ദ്രം വ്യക്തമാക്കിയതിനപ്പുറം ഒരു വിഷയത്തിലും സമവായത്തിലെത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ വിളിച്ച ജമ്മു-കശ്മീരിലെ സർവകക്ഷി യോഗത്തിന് പരിസമാപ്തി. രണ്ടു വർഷമായി തങ്ങൾ ഉള്ളിലടക്കിയ അമർഷവും ആവശ്യങ്ങളും ജമ്മു-കശ്മീർ നേതാക്കൾ പ്രധാനമന്ത്രിക്ക് മുമ്പാകെ വെച്ചുവെങ്കിലും വ്യക്തമായ ഉറപ്പുകളൊന്നും നൽകാതെയാണ് മൂന്നര മണിക്കൂറോളം നീണ്ട യോഗം അവസാനിച്ചത്. അതേസമയം, സൗഹാർദപൂർണമായ അന്തരീക്ഷത്തിലായിരുന്നു സർവകക്ഷി യോഗമെന്ന് നേതാക്കളും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി.
നേതാക്കളുെട വേദന തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് പ്രതികരിച്ച പ്രധാനമന്ത്രി ഒരു കാര്യത്തിലും തീരുമാനങ്ങൾ അറിയിച്ചില്ല. നേതാക്കൾ ഉന്നയിച്ച ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ പ്രകടിപ്പിച്ച വേദനകളും ആശങ്കകളും തള്ളിക്കളയുകയില്ലെന്ന് ഉറപ്പുനൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു-കശ്മീരിലെ നേതാക്കളുമായി സംഭാഷണം നടത്താൻ താൻ ഏറെ ആഗ്രഹിക്കുകയായിരുന്നു. ഇൗ ദിശയിൽ കേന്ദ്ര സർക്കാറിെൻറ ആദ്യ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര സർക്കാറിനെ പ്രതിനിധാനം ചെയ്ത് യോഗത്തിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി മുൻകൂട്ടി നിർണയിച്ച മൂന്ന് അജണ്ടകൾ ജമ്മു-കശ്മീരിലെ നേതാക്കൾക്ക് മുമ്പാകെ വെച്ചു. ജമ്മു-കശ്മീരിൽ മണ്ഡല പുനർ നിർണയം നടത്തുകയും ശേഷം സംസ്ഥാന പദവി നൽകുകയും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യാമെന്ന് അമിത് ഷാ യോഗത്തിൽ അറിയിച്ചു.
മണ്ഡല പുനർനിർണയം വിവിധ കക്ഷി നേതാക്കൾ ശക്തമായി എതിർക്കുന്നതാണ്. ജമ്മു-കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന കാര്യത്തിൽ ഏതാണ്ട് എല്ലാ പാർട്ടികളും സമവായത്തിലാണെന്നും പ്രധാനമന്ത്രിയും താനും ഇത് ചെയ്യാമെന്ന് നേരത്തെ ഉറപ്പുനൽകിയതാണെന്നും ഉചിതമായ സമയത്ത് അത് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി സർക്കാർ ജമ്മു-കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ േനതാക്കളുടെ യോഗം വിളിക്കുന്നത്. നാല് മുൻ മുഖ്യമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളുമടക്കം 14 പേരെയാണ് മോദി യോഗത്തിന് വിളിച്ചത്.
മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്, ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നിവർക്ക് പുറമെ മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, കവീന്ദർഗുപ്ത, നിർമൽ സിങ്, മുസാഫിർ ബേഗ്, ഗുലാം അഹ്മദ് മിർ (കോൺഗ്രസ്), രവീന്ദർ റെയ്ന (ബി.ജെ.പി), എം. യൂസുഫ് തരിഗാമി (സി.പി.എം), സജ്ജാദ് ലോൺ (പിപ്ൾസ് കോൺഫറൻസ്) അൽതാഫ് ബുഖാരി(അപ്നി പാർട്ടി) എന്നിവർ യോഗത്തിനെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും പുറമെ പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്, ജമ്മു-കശ്മീർ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവർ േകന്ദ്ര സർക്കാറിനെ പ്രതിനിധാനംചെയ്ത് യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.