2024ൽ കശ്‌മീരിൽ 14 ഭീകരരെ വധിച്ചു; കണക്ക് പുറത്തുവിട്ട് കശ്മീർ പൊലീസ്

ശ്രീനഗർ: 2024 ൽ ജമ്മു കശ്‌മീരിൽ 14 ഭീകരവാദികളെ വധിക്കുകയും 13 തീവ്രവാദ മൊഡ്യൂളുകൾ തകർക്കുകയും ചെയ്തതായി കശ്മീർ പൊലീസ്. സുരക്ഷ വർധിപ്പിക്കുന്നതിലും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും പുരോഗതി കൈവരിച്ചതായും പൊലീസ് അറിയിച്ചു.

രജൗരി (1), പൂഞ്ച് (2), ഉധംപൂർ (3), റിയാസി (1), ദോഡ (4), കത്വ (2) എന്നിവിടങ്ങളിലെ പതിമൂന്ന് തീവ്രവാദ മൊഡ്യൂളുകളും പൊലീസ് തകർത്തു. പ്രദേശത്തെ ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയതോടെ മേഖലയിലെ സമാധാനവും സുസ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്ക് പ്രഹരമേൽപ്പിച്ചതായി പൊലീസ് പത്രക്കുറിപ്പിൽ പറയുന്നു.

2024ൽ 476 എൻ.ഡി.പി.എസ് കേസുകൾ രജിസ്‌റ്റർ ചെയ്‌തതായും പൊലീസ് അറിയിച്ചു. ഏപ്രിലിൽ നൗഷേര സെക്‌ടറിലെ എൽ.ഒ.സി ഏരിയയിൽ നിന്ന് 9.990 കിലോ ഗ്രാം ഹെറോയിനും ഓഗസ്‌റ്റിൽ ജമ്മു ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്ന് 33.58 കിലോ ഗ്രാമും പിടിച്ചെടുത്തിരുന്നു. ഈ കേസുകളിൽ ഒന്നിലധികം ആളുകളെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു.

2023 നെ അപേക്ഷിച്ച് 2024 ൽ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറവാണ്. 2023 ൽ 15,774 ക്രിമിനൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. 2024 ൽ അത് 13,163 ആയി കുറഞ്ഞു. മേഖലയിലുടനീളമുള്ള ക്രമസമാധാനപാലനത്തിലും പൊതു സുരക്ഷ ഉറപ്പാക്കുന്നതിലും പൊലീസ് ഉദ്യോഗസ്ഥരുടെ പരിശ്രമമാണ് ഇതിന് കാരണമെന്നും പത്രക്കുറിപ്പിൽ പറയുന്നു. 

Tags:    
News Summary - jammu-zone-sees-major-security-gains-crime-reduction-in-2024-j-k-police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.