ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാർഡനിലെ 'വേദനിലയം' വസതി സ്മാരകമാക്കിയ മുൻ അണ്ണാ ഡി.എം.കെ സർക്കാറിെൻറ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. ജയലളിതയുടെ പിന്തുടർച്ചാവകാശികളായ ജെ. ദീപക്, ജെ. ദീപ എന്നിവർ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് എൻ. ശേഷസായിയാണ് ഉത്തരവിട്ടത്.
മറീന കടൽക്കരയിൽ സ്മാരകം നിർമിച്ച സാഹചര്യത്തിൽ വേദനിലയവും സ്മാരകമാക്കേണ്ടതിെൻറ ആവശ്യകത കോടതി ചോദ്യം ചെയ്തു. ജെ. ദീപക്, ജെ. ദീപ എന്നിവർക്ക് മൂന്നാഴ്ചക്കകം സ്വത്തുവകകൾ കൈമാറാൻ കോടതി ചെന്നൈ ജില്ല കലക്ടർക്ക് നിർദേശം നൽകി. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. പിന്നീട് 2017 ആഗസ്റ്റ് 17ന് ജയലളിത നാലര ദശാബ്ദക്കാലം വസിച്ച വസതി സ്മാരകമാക്കി മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 2018 മേയ് 22ന് ഇതിന് ഒാർഡിനൻസും പുറപ്പെടുവിച്ചു. 24,322 ചതുരശ്ര അടി വിസ്തീർണമുള്ള വേദനിലയം ബംഗ്ലാവിന് മാത്രം നൂറുകോടിയിലധികം രൂപയുടെ മതിപ്പുണ്ട്.
ജയലളിതയുടെ പിന്തുടർച്ചാവകാശികൾ ജ്യേഷ്ഠ മക്കളായ ദീപ, ദീപക് എന്നിവരാണെന്നും ജയലളിതയുടെ മുഴുവൻ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം ഇവർക്കായിരിക്കുമെന്നും മദ്രാസ് ഹൈകോടതി നേരത്തെ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.