ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ഇരയായവർക്കുള്ള തൊഴിൽ റിക്രൂട്ട്‌മെൻറ് മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണറുടെ അനുമതി. കലാപത്തിന്‍റെ ഇരകളിൽ നിന്ന് ജോലിക്കായി അപേക്ഷിച്ച 88 പേർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയിലും 55 വയസ് വരെ പ്രായപരിധിയിലും ഇളവ് നൽകുന്നതിനാണ് ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന അനുമതി നൽകിയത്.
സർക്കാർ സർവീസിലെ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്) തസ്തികയിലേക്കുള്ള നിയമനത്തിനാണ് ഇളവ് അനുവദിച്ചതെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റിയും പൊതുജന പ്രതിനിധികളും ഇരകളുടെ ഗ്രൂപ്പുകളും ഈ ആവശ്യം ലഫ്റ്റനന്‍റ് ഗവർണറെ സന്ദർശിച്ച് ഉന്നയിച്ചിരുന്നു.
2024 നവംബർ 28, 30 തീയതികളിൽ റവന്യൂ വകുപ്പ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുകയും പത്രങ്ങളിൽ പരസ്യം നൽകുകയും 1984ലെ കലാപത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ അപേക്ഷകൾ ക്ഷണിക്കുകയും ചെയ്തു. ലഭിച്ച 199 അപേക്ഷകളിൽ 89 അപേക്ഷകർ യോഗ്യരാണെന്ന് കണ്ടെത്തി. എന്നാൽ, എല്ലാവരും പ്രായപരിധിക്ക് മുകളിലുള്ളവരായിരുന്നു. ചിലർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ഇല്ലായിരുന്നു.
മുമ്പ് ലഭിച്ച 50 അപേക്ഷകർക്ക് വിദ്യാഭ്യാസ യോഗ്യതയിൽ പൂർണ ഇളവും 22 അപേക്ഷകർക്ക് പ്രായത്തിൽ ഇളവുകളും ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ നൽകിയിരുന്നു. കലാപത്തിന്‍റെ ഇരകൾക്കായി 2006 ജനുവരി 16ന് ജോലി നൽകുന്നത് അടക്കമുള്ള പുനരധിവാസ പാക്കേജിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുമതി നൽകി. തുടർന്ന് റവന്യൂ വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 72 അപേക്ഷകർക്ക് നിയമനം ലഭിച്ചു. 22 അപേക്ഷകർക്ക് പ്രായപരിധിയിൽ ഇളവും നൽകി.
2024 ഒക്ടോബറിലെ സ്‌പെഷ്യൽ ഡ്രൈവിൽ ലഭിച്ച 72 അപേക്ഷകരിൽ 50 അപേക്ഷകർക്ക് എം.ടി.എസ് തസ്തികയിലേക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയിൽ പൂർണ ഇളവ് അനുവദിച്ചു. അപേക്ഷകരുടെ മക്കളിൽ ഒരാൾക്ക് തൊഴിൽ ലഭിക്കാനുള്ള പ്രായപരിധി കഴിഞ്ഞ കേസിൽ നടപടിയെടുക്കാൻ റവന്യൂ വകുപ്പിന് ലഫ്റ്റനന്‍റ് ഗവർണർ നിർദേശം നൽകി.
സിഖ് വരുദ്ധ കലാപം ഇന്ത്യൻ ജനാധിപത്യ പാരമ്പര്യങ്ങൾക്ക് കളങ്കമായെന്ന് ലഫ്റ്റനന്‍റ് ഗവർണർ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിന്മേൽ ഭയാനകമായ അതിക്രമങ്ങൾ നടന്നു. മനുഷ്യാവകാശങ്ങളുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു. ഇത് അനേകം കുടുംബങ്ങളെ ബാധിച്ചെന്നും കുടുംബത്തിന്‍റെ ഏക ആശ്രയമായ വ്യക്തിക്ക് ജീവൻ നഷ്ടമായെന്നും വി.കെ സക്സേന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.