പട്ന: താനൊരു ഭക്ത ഹിന്ദുവാണെന്നും എന്നാൽ ബി.ജെ.പിയിലെ ചിലരെ പോലെ അത് പരസ്യമായി പ്രകടിപ്പിക്കാറില്ലെന്നും തുറന്നടിച്ച് ജനതാ ദൾ യു നേതാവ് രാജീവ് രഞ്ജൻ സിങ്. മോദിയുടെയും ബി.ജെ.പിയുടെയും വിടവാങ്ങലിന് ബിഹാർ വഴികാണിക്കുമെന്നും ലാലൻ സിങ് എന്നറിയപ്പെടുന്ന മുതിർന്ന ജെ.ഡി.യു നേതാവ് പൊതുപരിപാടിക്കിടെ പറഞ്ഞു. പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ആദ്യമായാണ് രാജീവ് രഞ്ജൻ സിങ് പൊതുപരിപാടിയിൽ സംസാരിക്കുന്നത്.
തന്റെ ലോക്സഭ മണ്ഡലമായ മുങ്ങറിൽ നാലു പൊതുപരിപാടികളിലാണ് സിങ് പങ്കെടുത്തത്. മതവും വിശ്വാസവും മറ്റുള്ളവരെ കാണിക്കാനുള്ളതാകരുതെന്നും അദ്ദേഹം പറഞ്ഞു. ''ഞാനൊരു ഹിന്ദുവാണ്. കടുത്ത മതവിശ്വാസി. എന്നാൽ ബി.ജെ.പിക്കാരെ പോലെ ഞാനത് പരസ്യമായി പ്രകടിപ്പിക്കാറില്ല. മതപരമായ കേന്ദ്രങ്ങൾ ഒരിക്കലും എക്സിബിഷൻ സെന്ററുകളാക്കി മാറ്റരുത്. ബി.ജെ.പി ജനങ്ങളെ വഴിതെറ്റിക്കുകയാണ്.
സ്‌പോൺസർ ചെയ്‌ത വാർത്തകളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങളെ അവർ രംഗത്തിറക്കുന്നത്''-രാജീവ് രഞ്ജൻ സിങ് ആരോപിച്ചു. ബിഹാർ സർക്കാരും ജെ.ഡി.യുവും പിളർന്നു എന്ന രീതിയിലുള്ള പ്രവചനങ്ങൾക്ക് ഒരടിസ്ഥാനവുമില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ സുശക്തമാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ കീഴിൽ ഞങ്ങളൊന്നിച്ചു തന്നെ പോരിനിറങ്ങും. ബി.ജെ.പിക്കും നരേന്ദ്രമോദി സർക്കാരിനും വിട പറയേണ്ടതെങ്ങനെയെന്ന് ബിഹാർ വഴികാണിക്കും. -സിങ് കൂട്ടിച്ചേർത്തു.
സിങ് ജെ.ഡി.യു അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യുട്ടിവ് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചുമതലയേറ്റിരുന്നു. ലോക്സഭ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് സിങ് പറഞ്ഞത്. എന്നാൽ സിങ്ങിനെ പുറത്താക്കിയതാണെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം ചേർന്ന് നിതീഷ് കുമാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിങ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.