ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി വീട്ടു ജോലിക്കാർ കവർന്നത് 50 ലക്ഷം രൂപയുടെ ആഭരണങ്ങൾ

മുംബൈ: ജ്വല്ലറി ഉടമയുടെ വിധവക്കും മകൾക്കുമടക്കം ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി വൻ കവർച്ച നടത്തി വീട്ടുജോലിക്കാർ. മുംബൈയിലെ ഖാർ വെസ്റ്റിലാണ് സംഭവം. 50 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് രണ്ടു വീട്ടുജോലിക്കാർ ചേർന്ന് കവർന്നത്.

സുനിത സവേരി എന്ന 53കാരിയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ മാസം നീരജ്, ശത്രുഘൻ എന്നീ യുവാക്കളെ സുനിത വീട്ടുജോലിക്കായി നിർത്തിയിരുന്നു. ഭക്ഷണ കാര്യങ്ങൾ നോക്കിയിരുന്ന യുവാക്കൾ അടുക്കളയിലായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം സുനിതക്കും 19കാരിയായ മകൾക്കും വീട്ടിലെ ജോലിക്കാരിയായ 30കാരിക്കും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ മൂവരും ഛർദിയും തുടങ്ങി. ഒടുവിൽ തളർന്നുറങ്ങി രാവിലെ എഴുന്നേറ്റപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.

അലമാരകളും വാതിലുകളുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു. രണ്ട് ആഭരണപ്പെട്ടികളും നഷ്ടപ്പെട്ടിരുന്നു. വീട്ടുജോലിക്കാരെയും കാണാനില്ലായിരുന്നു. വിവരം ബന്ധുക്കളെ അറിയിച്ച ശേഷം ഇവർ ഹിന്ദുജ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് അന്നുതന്നെ പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - jewelery worth Rs 50 lakh was stolen from house in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.