റാഞ്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയം ആഴത്തിൽ അറിയുന്ന അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്ക് ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ ബി.ജെ.പി എല്ലാ തന്ത്രവും പയറ്റുമെന്ന് ഉറപ്പായിരുന്നു. തങ്ങൾ അധികാരത്തിൽ എത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്.
ഇൻഡ്യ സഖ്യത്തിലുള്ള ഝാർഖണ്ഡ് മുക്തി മോർച്ചയാകട്ടെ (ജെ.എം.എം) മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അറസ്റ്റും ഇ.ഡി കേസുകളും മുൻ മുഖ്യമന്ത്രി ചമ്പായ് സോറന്റെ ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റവും തങ്ങളെ ബാധിച്ചിട്ടില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കൽപന സോറനെ എം.എൽ.എയാക്കി കളത്തിലിറക്കിയ ജെ.എം.എം വനിത ക്ഷേമ പദ്ധതികളിലൂടെ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാമെന്ന കണക്കൂകൂട്ടലിലാണ്. കൽപന സോറൻ പാർട്ടി പരിപാടികളിൽ സജീവമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷി മന്ത്രി ശിവ് രാജ് സിങ് ചൗഹാൻ എന്നിവരെ ഇറക്കിയാണ് ബി.ജെ.പി പ്രചാരണം തുടങ്ങിയത്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാകട്ടെ ബംഗ്ലദേശി നുഴഞ്ഞുകയറ്റം, അഴിമതി എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉയർത്തുന്നത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ജെ.എം.എം സഖ്യമാകട്ടെ തങ്ങൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ്.
81 അംഗ നിയമസഭയിൽ 2019ൽ ജെ.എം.എം, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ സഖ്യം മികച്ച ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ജെ.എം.എം, കോൺഗ്രസ് സഖ്യത്തിന് 47 സീറ്റ് ലഭിച്ചു. 2000ൽ ഝാർഖണ്ഡ് രൂപവത്കരിച്ചശേഷം സഖ്യത്തിന് ലഭിക്കുന്ന വൻ വിജയമാണിത്. ബി.ജെ.പിയെ രണ്ടാം സ്ഥാനത്താക്കിയാണ് ജെ.എം.എം ഏറ്റവും വലിയ ഒറ്റ കക്ഷിയായത്.
കഴിഞ്ഞതവണ ജെ.എം.എം 30 മണ്ഡലങ്ങളിലാണ് ജയിച്ചത്. ബി.ജെ.പി 25 സീറ്റിലും ജയിച്ചു. 2014ൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരാണുണ്ടായിരുന്നത്. നിലവിൽ ഇൻഡ്യ സഖ്യത്തിന് 44 സീറ്റും ബി.ജെ.പിക്ക് 30 സീറ്റുമാണുള്ളത്. ഏഴു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
എൻ.ഡി.എയിലുള്ള ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ് യൂനിയൻ (എ.ജെ.എസ്.യു) പാർട്ടി ഒമ്പതുമുതൽ 11 വരെ സീറ്റുകളിലും നിതീഷ്കുമാറിന്റെ ജെ.ഡി.യു രണ്ട് സീറ്റിലും മത്സരിക്കാൻ ധാരണയായിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയുമായി ബി.ജെ.പി ചർച്ച തുടരുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ.ജെ.എസ്.യുവും ബി.ജെ.പിയും വേറിട്ടാണ് മത്സരിച്ചത്
അതേസമയം, ഇൻഡ്യ സഖ്യത്തിൽ സീറ്റ് ചർച്ച പൂർത്തിയായിട്ടില്ല. നിലവിൽ 74 അംഗങ്ങളുള്ള നിയമസഭയിൽ ജെ.എം.എം സഖ്യത്തിന്റെ അംഗങ്ങൾ 44 ആയി കുറഞ്ഞിട്ടുണ്ട്. ജെ.എം.എം 26, കോൺഗ്രസ് 17, ആർ.ജെ.ഡി ഒന്ന്. ജെ.എം.എമ്മിന്റെ രണ്ടുപേർ നിലവിൽ പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സീതാ സോറൻ രാജിവെച്ച് ബി.ജെ.പി ടിക്കറ്റിൽ പാർലമെന്റിലേക്ക് മത്സരിച്ചു. ലോബിൻ ഹെംബ്രാം എം.എൽ.എ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടു.
ബി.ജെ.പി എം.എൽ.എമാർ 23 ആയി കുറഞ്ഞു. രണ്ട് എം.എൽ.എമാർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയ്പ്രകാശ് ഭായി പട്ടേൽ കോൺഗ്രസിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. ഇദ്ദേഹത്തെയും അയോഗ്യനാക്കി. മുൻ മുഖ്യമന്ത്രി ചമ്പായി സോറനും സ്വതന്ത്രൻ അമിത് കുമാർ യാദവും ബി.ജെ.പിയിൽ ചേർന്നു. ഇതുകൂടാതെ എൻ.സി.പി എം.എൽ.എ ഈയിടെയാണ് ബി.ജെ.പിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.