ഝാർഖണ്ഡ് ഗവർണർക്ക് തെലങ്കാനയുടെയും പുതുച്ചേരിയുടെയും ചുമതല

ന്യൂഡൽഹി: തെലങ്കാന ഗവർണർ, പോണ്ടിച്ചേരി ലഫ്റ്റനന്‍റ് ഗവർണർ എന്നീ സ്ഥാനങ്ങളിൽ നിന്നുള്ള തമിഴിസൈ സൗന്ദരരാജന്‍റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുടെയും ചുമതലകൾ നിലവിലെ ഝാർഖണ്ഡ് ഗവർണറായ സി.പി. രാധാകൃഷ്ണന് നൽകി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്നുള്ള സ്ഥാനാർഥിയാകുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് സൗന്ദരരാജൻ തിങ്കളാഴ്ച രാജി സമർപ്പിച്ചത്.

ഗവർണറാകുന്നതിന് മുമ്പ് തമിഴ്നാട് ബി.ജെ.പി അധ്യക്ഷയായിരുന്ന തമിഴിസൈ 2019ലും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഡി.എം.കെ നേതാവ് കനിമൊഴിയായിരുന്നു എതിരാളി. ചെന്നൈ നോർത്തിലും മത്സരിച്ചുവെങ്കിലും ഡി.എം.കെയുടെ ടി.കെ.എസ് എളങ്കോവനോട് പരാജയപ്പെട്ടു. 2019 സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവർണറായി നിയമിച്ചത്. 2021 ​​ഫെബ്രുവരിയിൽ കിരൺബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലെഫ്. ഗവർണരുടെ ചുമതലയും നൽകി.

ഝാർഖണ്ഡിന്‍റെ പതിനൊന്നാമത് ഗവർണറായ രാധാകൃഷ്ണൻ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവായിരുന്നു. 16 വയസ്സ് മുതൽ ആർ.എസ്.എസ് അംഗമായിരുന്ന അദ്ദേഹം 1998ലും 1999ലും ബി.ജെ.പി സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽ നിന്ന് രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. പിന്നീട് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗമാവുകയും 2004 മുതൽ 2007 വരെ പാർട്ടിയുടെ തമിഴ്നാട് പ്രസിഡന്‍റായി പ്രവർത്തിക്കുകയും ചെയ്തു.

Tags:    
News Summary - Jharkhand Governor is in charge of Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.