ഗീലാനിയുടെ മൃ​ത​ശ​രീ​രം കബറടക്കുന്നതിന്‍റെ വിഡിയോ പുറത്തുവിട്ട് പൊലീസ്

ശ്രീനഗർ (ജ​മ്മു-​ക​ശ്മീ​ർ): അ​ന്ത​രി​ച്ച വി​ഘ​ട​ന​വാ​ദി നേ​താ​വ്​ സ​യ്യി​ദ്​ അ​ലി ഷാ ​ഗീലാനിയുടെ മൃ​ത​ശ​രീ​രം കബറടക്കുന്നതിന്‍റെ വിഡിയോ പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. മൃതശരീരം മറവ് ചെയ്യുന്നതിന് മുന്നോടിയായി ഒരു സംഘം പരിപാലിക്കുന്നതും തുടർന്ന് ഹൈദർപോറയിലെ ഖബർസ്ഥാനിൽവെച്ച് ജനാസ നമസ്കാരം അടക്കമുള്ള അന്ത്യ കർമ്മങ്ങൾ നിർവഹിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗീലാനിയുടെ വസതിയിൽ നിന്ന് 100 മീറ്റർ അകലെയുള്ള പള്ളി ഖബർസ്ഥാനിലാണ് കബറടക്കിയത്.

ഗീ​ലാ​നി​യു​ടെ മൃ​ത​ശ​രീ​രം ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ത​ള്ളി​മാ​റ്റി ബ​ലം പ്ര​യോ​ഗി​ച്ച്​ പൊ​ലീ​സ്​ സം​സ്​​ക​രി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ​ക്കും അ​നു​യാ​യി​ക​ൾ​ക്കും അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കിയില്ലെന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അന്ത്യകർമ്മങ്ങൾ അടക്കമുള്ളവയുടെ ആറു വിഡിയോകൾ പൊലീസ് പുറത്തുവിട്ടത്.

ഗീലാനിയുടെ മൃ​ത​ശ​രീ​രത്തിൽ പാകിസ്താൻ പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമവും ഇന്ത്യൻ പീനൽ കോഡും ചുമത്തി കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് ബുദ്ഗാം പൊലീസ് കേസെടുത്തത്. മൃതദേഹം മറവ് ചെയ്യാൻ പൊലീസ് എത്തുന്നതിന് മുമ്പ് ഗീലാനിയുടെ മൃ​ത​ശ​രീ​രത്തിൽ പാക് പതാക പുതപ്പിച്ചതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. കശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയതിനാലാണ് മരണവിവരം പുറത്തറിയാതിരുന്നത്. ഒരു കുടുംബത്തിന് അവരുടെ ആഗ്രഹപ്രകാരം വിലപിക്കാനും അന്തിമ വിടവാങ്ങൽ നൽകാനും അനുവാദമില്ല. ഗീലാനിയുടെ കുടുംബത്തിനെതിരെ യു.‌എ‌.പി.‌എ ചുമത്തിയത് വഴി വ്യക്തമായത് കേന്ദ്ര സർക്കാറിന്‍റെ നിഷ്കരുണവും ക്രൂരവുമായ നടപടിയാണ്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ കശ്മീരെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു.

അ​സു​ഖത്തെ തുടർന്ന് ദീ​ർ​ഘ​കാ​ല​മാ​യി പൊ​തു​രം​ഗ​ത്ത്​ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രു​ന്ന 92കാ​ര​നാ​യ ഗീ​ലാ​നി ബു​ധ​നാ​ഴ്ച രാ​ത്രിയാ​ണ്​ അ​ന്ത​രി​ച്ച​ത്. മൃ​തശരീരം തൊ​ട്ട​ടു​ത്തു​ള്ള പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ക​ന​ത്ത ​പൊ​ലീ​സ്​ സു​ര​ക്ഷ​യി​ൽ മ​താ​ചാ​രപ്ര​കാ​രം മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നു. ഗീ​ലാ​നി​യു​ടെ അ​ഭി​ലാ​ഷ​മ​നു​സ​രി​ച്ച്​ 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ശ്രീ​ന​ഗ​റി​ലെ ശ​ഹീ​ദെ ഈ​ദ്​​ഗാ​ഹ്​ ശ്​​മ​ശാ​ന​ത്തി​ൽ മ​റ​വു ചെ​യ്യാ​നാ​ണ്​ കു​ടും​ബം ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്നും ദോ​റു സോ​പോ​റി​ൽ നി​ന്നു​ള്ള ബ​ന്ധുവിന്​ മാ​ത്ര​മാ​ണ്​ സം​സ്​​കാ​ര ച​ട​ങ്ങി​ൽ പങ്കെടുക്കാൻ സാധിച്ചതെന്നും ​മ​ക​ൻ ന​ഈം പ​റ​ഞ്ഞു.

Tags:    
News Summary - J&K Cops Post Video Of Separatist Syed Geelani's Last Rites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.