ജമ്മു: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍റെ മകൾ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്) തലവൻ യാസിൻ മാലിക്കിനെ ഓൺലൈനിൽ ജമ്മുവിലെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി.
തീവ്രവാദത്തിന് പണം നൽകിയ കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന യാസിൻ മാലിക്കിന്റെ യാത്രക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് നേരിട്ട് ഹാജരാക്കാതിരുന്നത്. പ്രോസിക്യൂഷൻ സാക്ഷിയായ റുബയ്യ ഇന്നലെ ഹാജരായിരുന്നില്ല.
കഴിഞ്ഞ വാദംകേൾക്കലിനിടെ യാസിൻ മാലിക്കടക്കം അഞ്ചു പ്രതികളെ റുബയ്യ തിരിച്ചറിഞ്ഞിരുന്നു. റുബയ്യ സഈദ് ഇപ്പോൾ തമിഴ്നാട്ടിലാണ്. എതിർവിസ്താരത്തിന് തന്നെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് യാസിൻ മാലിക്ക് ഇന്നലെയും ആവശ്യപ്പെട്ടു.
കേസ് നവംബർ 14ലേക്ക് മാറ്റി. 1989 ഡിസംബർ 18ന് ലാൽ ദെഡ് ആശുപത്രിക്ക് സമീപത്തു നിന്നാണ് റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയത്. ബി.ജെ.പി പിന്തുണയോടെ ഭരിച്ചിരുന്ന വി.പി. സിങ് സർക്കാർ അഞ്ചു ഭീകരരെ മോചിപ്പിച്ചതോടെയാണ് റുബയ്യയെ വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.