ന്യൂഡൽഹി: എ.ബി.വി.പി വിട്ട് ഭീം ആർമിയുമായി സഹകരിച്ച ജെ.എൻ.യു ദലിത് വിദ്യാർഥി നേതാവ് പ്രദീപ് നർവലിനെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഫരീദാബാദിൽ നടന്ന ഭീം ആർമി യോഗം കഴിഞ്ഞ് ഡൽഹിയിലേക്ക് വരവേ താൻ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പൊലീസുകാർ േതാക്കുചൂണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് നർവൽ ‘മാധ്യമ’ത്തോട് വെളിപ്പെടുത്തി. മൂന്ന് സ്വകാര്യ കാറുകളിലാണ് പൊലീസുകാരുൾപ്പെടെയുള്ള സംഘം എത്തിയത്
സംഘം തലക്കുനേരെ പിസ്റ്റൾ പിടിച്ച് അനങ്ങിയാൽ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി അവരുടെ കാറിലേക്ക് വലിച്ചുകയറ്റി. തുടർന്ന് നോയ്ഡ പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് ഗാസിയാബാദിലെ ധാബയിലേക്കും കൊണ്ടുപോയി ചോദ്യംചെയ്തു. ഭീം ആർമിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. താൻ ആക്ടിവിസ്റ്റുകളെ നിയമപരമായി സഹായിച്ചിട്ടുണ്ടെങ്കിലും അതിൽ അംഗമല്ലെന്ന് നർവൽ പൊലീസിനോട് പറഞ്ഞു. ഉച്ചക്ക് 2.30ന് തുടങ്ങിയ ഭത്സനവും ചോദ്യംചെയ്യലും രാത്രി ഏഴുവരെ നീണ്ടു.
പിന്നീടാണ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. എ.ബി.വി.പി വിട്ട് ദലിത് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുങ്ങിയതുമുതൽ നിരന്തരം ഭീഷണിക്കും അവഹേളനത്തിനും ഇരയാകുന്നുണ്ടെന്നും അതിൽ ഭയപ്പെടുന്നില്ലെന്നും താൻ മറുപടി നൽകിയെന്ന് നർവൽ പറഞ്ഞു. താൻ മുസ്ലിമായിരുന്നെങ്കിൽ അവർ കൊന്നേനെയെന്നും കൂട്ടിേച്ചർത്തു. തന്നോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഇതുപോലെ ചോദ്യം ചെയ്തതായും നർവൽ പറഞ്ഞു. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന് ആരോപിച്ച് കനയ്യ കുമാറിനും ഉമർ ഖാലിദിനുമെതിരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് പ്രദീപ് എ.ബി.വി.പി വിട്ടത്.
വ്യാജ വിഡിയോ അടിസ്ഥാനമാക്കി ഇവർക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ പ്രദീപ് പരസ്യമായി രംഗത്തുവന്നിരുന്നു. സ്ഥാപക നേതാവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളെ ജയിലിലടച്ച് ഭീം ആർമിയെ അടിച്ചമർത്താൻ ശ്രമം നടക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകൽ സംഭവം. സഹാറൻപുരിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഭീം ആർമി നേതാക്കളെ ജയിലിലടച്ചത്. ഗുജറാത്തിൽ ‘ഉന’ ആക്രമണത്തിെൻറ വാർഷികം ദലിതുകൾ ആചരിക്കുമെന്ന വാർത്തകൾക്കിടെയാണ് ഭീം ആർമി നേതാവിനെ തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.