ന്യൂഡൽഹി: രാജസ്ഥാനിലെ ജോധ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിൽനിന്ന് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം സംസ്ഥനത്തെ നിലവിലെ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും സംസ്ഥാനത്തെ പൊലീസ് അധികാരികളിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച ജോധ്പൂരിൽ സംഘർഷാവസ്ഥ നിലനിന്നതിനാൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും നഗരത്തിലെ പത്ത് പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ജോധ്പൂരിലെ ജലോരി ഗേറ്റ് സർക്കിളിൽ മത പതാക സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കം കല്ലേറിലേക്ക് നയിക്കുകയും സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അക്രമത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും സംഘർഷം വീണ്ടും രൂക്ഷമായി. ജലോരി ഗേറ്റ് പരിസരത്തെ നിരവധി കടകളും വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. അക്രമികളെ പിരിച്ച് വിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു.
സംസ്ഥാനത്ത് സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.