ചമോലി: ഉത്തരാഖണ്ഡിലെ ജോഷിമഠ് 12 ദിവസത്തിനുള്ളിൽ 5.4 സെ.മീ താഴ്ന്നുപോയെന്ന് ഐ.എസ്.ആർ.ഒ റിപ്പോർട്ട്. അതിവേഗത്തിലാണ് ടൗൺ താഴുന്നത്. ഡിസംബർ 27 മുതൽ ജനുവരി എട്ടുവരെയുള്ള കാലയളവിലാണ് 5.4 സെ.മീ താഴ്ന്നതെന്ന് ഐ.എസ്.ആർ.ഒയുടെ നാഷണൽ റിമോർട്ട് സെൻസിങ് സെന്റർ പുറത്തിറക്കിയ സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. 2022 ജനുവരി രണ്ടിന് വൻ തോതിൽ മണ്ണിടിച്ചിലുണ്ടായതാണ് ദ്രുതഗതിയിൽ ടൗൺ ഇടിയുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സൈനിക ഹെലിപാഡിന്റെയും ക്ഷേത്രത്തിന്റെയും സമീപഭാഗങ്ങളിൽ സെൻട്രൽ ജോഷിമഠിൽ നിന്നാണ് അതിവേഗം മണ്ണ് ഇടിഞ്ഞുപോയത്. 2,180 മീറ്റർ ഉയരത്തിലുള്ള ജോഷിമഠ്- ഔലി റോഡിലാണ് മണ്ണിടിച്ചിലിന്റെ കേന്ദ്രസ്ഥാനമെന്ന് ഐ.എസ്.ആർ.ഒ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസങ്ങളിൽ മണ്ണിടയുന്നതിന്റെ തോത് വളരെ കുറവായിരുന്നെന്നാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ വർഷം ഏപ്രിലിനും നവംബറിനുമിടയിൽ ഒമ്പത് സെന്റിമീറ്ററാണ് ജോഷിമഠ് താഴ്ന്നത്. ഏഴുമാസത്തിനിടെ വളരെ സാവധാനമാണ് ഈ താഴ്ചയുണ്ടായത്. കാർട്ടോസാറ്റ്-2എസ് സാറ്റലൈറ്റാണ് ജോഷിമഠിന്റെ ചിത്രങ്ങൾ പകർത്തിയത്.
മുങ്ങിക്കൊണ്ടിരിക്കുന്ന ഈ ക്ഷേത്രനഗരിയാണ് ബദ്‍രിനാഥ് പോലുള്ള തീർഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന വഴി. കെട്ടിടങ്ങളിലുൾപ്പെടെ വൻ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ജോഷിമഠ് വാർത്തകളിൽ നിറഞ്ഞത്. പ്രദേശത്തു നിന്ന് 4,000ഒളാം പേരെ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും കൂടാതെ, 678 വീടുകൾ അപകടാവസ്ഥയിലാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കുന്നു. അടിയന്തര ആശ്വാസമെന്ന നിലയിൽ 1.5 ലക്ഷം രൂപ ദുരന്ത ബാധിത കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‍കർ ധാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.