ന്യൂഡൽഹി: ഡൽഹിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കളും വിദ്യാർഥികളും. വെള്ളിയാഴ്ച 40ഒാളം പേർ മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് മർദ്ദിക്കുകയും ചെയ്തു.
ദ കാരവൻ മാഗസിൻ റിപ്പോർട്ടർ അഹാൻ ജോഷ്വ പെങ്കർ (24) നാണ് മർദനം ഏറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 3.15ഒാടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാെനത്തിയ അഹാനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് എ.സി.പി അജയ്കുമാറിെൻറ നേതൃത്വത്തിൽ മർദ്ദിക്കുകയുമായിരുന്നു. 22 കാരനായ ഡൽഹി സർവകലാശാല വിദ്യാർഥി രവീന്ദർ സിങ്ങിനെ മർദ്ദിക്കുകയും തലപ്പാവ് അഴിച്ചുമാറ്റിയെന്നും പറയുന്നു. ഡൽഹി സർവകലാശാലയിലെ മറ്റൊരു വിദ്യാർഥിയായ രാജ്വീർ കൗറിന് നേർക്കും പൊലീസ് ആക്രമണമുണ്ടായി. റിപ്പോർട്ടർ ഉൾപ്പെടെ 10ഒാളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകൻ ആണെന്ന് പറഞ്ഞിട്ടും പൊലീസ് വീണ്ടും മർദ്ദിക്കുകയായിരുന്നുവെന്നും അഹാൻ പറഞ്ഞു.
പൊലീസ് മർദ്ദനത്തെ തുടർന്ന് അഹാൻ കമീഷനർ എസ്.എൻ. ശ്രീവാസ്തവക്ക് പരാതി നൽകി. ആദ്യം മുഖത്ത് അടിച്ചെന്നും നിലത്തുവീണപ്പോൾ തോളിലേക്ക് തൊഴിച്ചതായും കണങ്കാലിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ഒരാളെ ക്രൂരമായി എ.സി.പി മർദ്ദിക്കുന്നത് കണ്ടെന്നും പരാതിയിൽ പറയുന്നു.
അഹാനിെൻറ മൂക്കിലും കഴുത്തിലും പുറത്തും മർദ്ദനമേറ്റതിെൻറ പാടുകളുണ്ട്. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ എ.സി.പി നിഷേധിച്ചു. ആരെയും മർദ്ദിച്ചിട്ടില്ലെന്നും ചിലരെ കസ്റ്റഡിയിൽ എടുക്കുക മാത്രം ചെയ്തുവെന്നുമാണ് പൊലീസിെൻറ വാദം.
ഒക്ടോബറിലാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നത്. വീട്ടുജോലിക്കുനിന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ തൊഴിലുടമ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ പൊലീസ് പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയെന്ന് ചൂണ്ടിക്കാട്ടി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങുകയും ചെയ്തു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബവും വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.