ജൂനിയർ ഡോക്ടറുടെ കൊല: കമീഷണറുടെ രാജിയാവശ്യപ്പെട്ട് കൊൽക്കത്ത പൊലീസ് ആസ്ഥാനത്തിനു സമീപം കുത്തിയിരുപ്പ് സമരം

കൊൽക്കത്ത: ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തോടനുബന്ധിച്ച് പൊലീസ് കമീഷണർ വിനീത് ഗോയലി​ന്‍റെ രാജി ആവശ്യപ്പെട്ട് കൊൽക്കത്ത പൊലീസ് ആസ്ഥാനമായ ലാൽബസാറിലേക്ക് റാലി നടത്തിയ ഡോക്ടർമാർ രണ്ടാംദിനവും സമരം തുടന്നു. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ഗോയലി​ന്‍റെ രാജി ആവശ്യപ്പെടുന്ന പ്ലക്കാർഡുകളുമേന്തി വിവിധ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ ലാൽബസാറിലേക്ക് മാർച്ച് ആരംഭിച്ചത്. ലാൽബസാറിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള ബിബി ഗാംഗുലി തെരുവിൽ മാർച്ച് തടഞ്ഞതിനെ തുടർന്ന് അവർ കമീഷണറുടെ കോലം കത്തിച്ചു. ഡോക്ടർമാർ തിങ്കളാഴ്ച രാത്രി മുഴുവൻ ബിബി ഗാംഗുലി സ്ട്രീറ്റിൽ ചെലവഴിച്ചു. പ്രതിഷേധക്കാർ മുന്നോട്ട് പോകുന്നത് തടയാൻ കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു വൻ സംഘം ബാരിക്കേഡി​ന്‍റെ മറുവശത്ത് കാവൽ നിൽക്കുന്നുണ്ട്.

ജൂനിയർ ഡോക്ടർമാർ ബാരിക്കേഡുകളിൽ നട്ടെല്ലി​ന്‍റെയും ചുവന്ന റോസാപ്പൂവി​ന്‍റെയും പകർപ്പുകൾ സ്ഥാപിച്ചു. പൗരന്മാരെ സംരക്ഷിക്കാനുള്ള പൊലീസ് സേനയുടെ കടമ ഊന്നിപ്പറയുകയാണ് ഇതിലൂടെയെന്ന് അവർ അവകാശപ്പെട്ടു. ‘ഇതൊന്നും ഞങ്ങളുടെ പ്ലാനിൽ ഇല്ലായിരുന്നു. കൊൽക്കത്ത പോലീസ് ഞങ്ങളെ തടയാൻ ഒമ്പതടി ഉയരമുള്ള ബാരിക്കേഡ് സ്ഥാപിക്കുമെന്ന് കരുതിയില്ല. ലാൽബസാറിലെത്തി കമീഷണറെ കാണാൻ അനുവദിക്കുന്നതുവരെ ഞങ്ങളുടെ സമരം തുടരും. അതുവരെ ഞങ്ങൾ ഇവിടെ ഇരിക്കുന്നതും തുടരും- പ്രക്ഷോഭകാരികളിലൊരാൾ പ്രതികരിച്ചു.

ഡോക്ടർമാരുൾപ്പെടെ എല്ലാവർക്കും നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് അവർ സമരം തുടർന്നു. ആർ ജി കർ മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന മുദ്രാവാക്യങ്ങളും അവർ ഉയർത്തി. യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൊൽക്കത്ത ഹൈകോടതി സി.ബി.ഐക്ക് കൈമാറുന്നതിന് മുമ്പ് പോലീസ് നടത്തിയ അന്വേഷണത്തിൽ വേണ്ടത്ര നടപടികളുണ്ടായില്ലെന്ന് ഡോക്ടർമാർ ആരോപിച്ചു.

Tags:    
News Summary - Junior doctors continue sit-in near Kolkata Police headquarters, demand resignation of police commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.