ബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദിയൂരപ്പക്കെതിരെ പീഡന പരാതി നൽകിയ വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം നടത്താൻ കർണാടക സംസ്ഥാന വനിത കമീഷൻ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടു. 17കാരിയായ തന്റെ മകളെ യെദിയൂരപ്പ പീഡിപ്പിച്ചെന്ന പരാതി നൽകിയ വീട്ടമ്മയുടെ മരണത്തിലും സംസ്കാരത്തിലും ദുരൂഹതകൾ നിലനിൽക്കുന്നതായി കമീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബംഗളൂരു പൊലീസ് കമീഷണറെ അറിയിച്ചു. യെദിയൂരപ്പക്കെതിരായ പോക്സോ കേസ് സി.ഐ.ഡിയാണ് നിലവിൽ അന്വേഷിക്കുന്നത്.
മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് യെദിയൂരപ്പ പീഡിപ്പിച്ചെന്നായിരുന്നു മാർച്ച് 14ന് പെൺകുട്ടിയുടെ മാതാവ് സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ മേയിൽ പരാതിക്കാരി മരിച്ചു. ഇവർ അർബുദ ബാധിതയായിരുന്നെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, അവരുടെ മരണത്തിലും മൃതദേഹം സംസ്കരിച്ചതിലും ദുരൂഹതയുണ്ടെന്ന് വനിത കമീഷൻ പറഞ്ഞു.
പരാതിക്കാരിയുടെ പോസ്റ്റ്മോർട്ടം നടത്താൻ അധികൃതർ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി മകനും ചില സംഘടനകളും കമീഷന് പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടം നടത്താത്തതിൽ ദുരൂഹതയുണ്ട്. പരാതി ലഭിച്ചാൽ അത് അന്വേഷിക്കാൻ പൊലീസ് ബാധ്യസ്ഥരാണ്’ -കമീഷൻ അധ്യക്ഷ പറഞ്ഞു.യെദിയൂരപ്പക്കെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസിന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടി ഇരയുടെ സഹോദരൻ ജൂണിൽ കോടതിയിൽ പുതിയ ഹരജി നൽകുകയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് കേസ് സി.ഐ.ഡിക്ക് കൈമാറിയത്.
യെദിയൂരപ്പക്കെതിരെ നിർണായക കണ്ടെത്തലുകളുമായി ജൂൺ 25ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ആറര വയസ്സുള്ളപ്പോൾ പെൺകുട്ടിയെ മറ്റൊരാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഈ സംഭവത്തില്‍ നിയമപോരാട്ടത്തിന് സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് 81കാരനായ ബി.ജെ.പി നേതാവ് പീഡിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു ഡേളേഴ്സ് കോളനിയിലെ യെദിയൂരപ്പയുടെ വസതിയിലായിരുന്നു സംഭവം. പീഡനത്തിനുശേഷം കുട്ടിക്കും മാതാവിനും പണം നല്കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
പരാതി കേട്ട യെദിയൂരപ്പ കുട്ടിയുടെ കൈപിടിച്ച് തൊട്ടടുത്തുള്ള മീറ്റിങ് ഹാളിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അകത്തു കയറിയ ശേഷം ഹാളിലേക്കുള്ള വാതിലടച്ചു. തുടര്‍ന്ന് ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പീഡിപ്പിച്ചയാളുടെ മുഖം ഓര്‍ക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചോദിച്ചത്. ഇതിനു മറുപടി പറയുന്നതിനിടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. പേടിച്ചരണ്ട കുട്ടി യെദിയൂരപ്പയുടെ കൈ തട്ടിമാറ്റുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് കുട്ടിക്ക് തുക നല്കിയ ശേഷം വാതില്‍ തുറന്നത്.
പിന്നീട് അമ്മക്കും പണം നല്കിയ ശേഷം കേസില്‍ സഹായിക്കാനാകില്ലെന്ന് പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. ഇതിനുശേഷം ഫെബ്രുവരി 20ന്, യെദിയൂരപ്പയുടെ വീട്ടില്‍ പോയതിന്റെ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ യെദിയൂരപ്പ ഇവരെ വീണ്ടും വീട്ടിലേക്കു വിളിപ്പിച്ചു. ഫേസ്ബുക്കില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഗാലറിയില്‍നിന്നും സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു.
തുടർന്ന്, മേയ് മാസം പെൺകുട്ടിയുടെ അമ്മ ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പോക്സോ നിയമത്തിലെ എട്ട്, ഐ.പി.സി 354എ വകുപ്പുകള്‍ പ്രകാരമാണ് ബി.എസ്. യെദിയൂരപ്പക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.