ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എൻ.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 11ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ 48-ാമത് ചീഫ് ജസ്റ്റിസ് ആണ് എൻ.വി രമണ. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വെള്ളിയാഴ്ച സർവീസിൽ നിന്ന് വിരമിച്ചിരുന്നു.
സുപ്രീംകോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് രമണ 2014 ഫെബ്രുവരി ഏഴിനാണ് സുപ്രീംകോടതി ജഡ്ജിയായത്. ആന്ധ്ര ഹൈകോടതിയിൽ 1983ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. പിന്നീട് ആന്ധ്ര സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറലായി.
ജുഡീഷ്യറിയിലെ അഴിമതി ആരോപണത്തിൽ ക്ലീൻ ചിറ്റ് നൽകിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ജസ്റ്റിസ് എൻ.വി. രമണയെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നാമനിർദേശം ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പരാതി ആഭ്യന്തര അന്വേഷണം നടത്തിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തള്ളിയത്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ കൂടി പ്രതികളായി അമരാവതി ഭൂമി കുംഭകോണ കേസിൽ ആന്ധ്ര പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആന്ധ്ര മുഖ്യമന്ത്രി ജസ്റ്റിസ് രമണക്കെതിരെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് പരാതി അയച്ചത്. തെലുഗുദേശം പാർട്ടിയുടെ ഭരണകാലത്ത് നടത്തിയ അഴിമതി അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിേയാഗിച്ചത് തടഞ്ഞതടക്കം നിരവധി പരാതികളാണ് റെഡ്ഡി ഉന്നയിച്ചിരുന്നത്. ഇതടക്കമുള്ള നിരവധി കേസുകളിൽ തെലുഗുദേശം പാർട്ടിക്ക് അനുകൂലമായി ഹൈകോടതി വിധി പുറപ്പെടുവിച്ചതിനു പിന്നിൽ ജസ്റ്റിസ് രമണയാണെന്ന് റെഡ്ഡി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.