ന്യൂഡൽഹി: തീയണക്കുന്നതിനിടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയ സംഭവത്തിൽ മറുപടിയുമായി ഡൽഹി ഹൈകോടതി ജസ്റ്റിസ് യശ്വന്ത് വർമ. തീപിടിത്തത്തിനു ശേഷം അവിടേക്ക് പോയ തന്റെ ജീവനക്കാർ പണത്തിന്റെ അവശിഷ്ടമൊന്നും കണ്ടിട്ടില്ലെന്നാണ് വർമയുടെ വാദം.
'മാർച്ച് 14ന് അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. അപ്പോൾ എന്റെ മകളും പ്രൈവറ്റ് സെക്രട്ടറിയും വിവരം അഗ്നിശമന സേനയെ അറിയിച്ചു. അവരുടെ കോളുകൾ കൃത്യമായി റെക്കോഡ് ചെയ്യപ്പെടുന്നതാണ്. തീ അണക്കാനുള്ള ശ്രമത്തിനിടെ സുരക്ഷ കാരണങ്ങൾ മുൻ നിർത്തി എല്ലാ ജീവനക്കാരോടും വീട്ടിലെ മറ്റ് അംഗങ്ങളോടും സംഭവസ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. തീ അണച്ച ശേഷം അവർ തിരിച്ചുവന്നപ്പോൾ അവിടെ പണമോ കറൻസിയോ ഒന്നും കണ്ടെത്തിയിട്ടില്ല'-എന്നാണ് യശ്വന്ത് വർമ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.
''സ്ഥലത്തുണ്ടെന്ന് പറയപ്പെടുന്ന പണത്തിന്റെയോ കറൻസിയുടെയോ അവശിഷ്ടങ്ങൾ ജീവനക്കാർ ആരും കണ്ടിട്ടില്ല. അതൊന്നും പരിസരത്ത് നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. നീക്കം ചെയ്ത അവശിഷ്ടങ്ങൾ അവർ സൂക്ഷിച്ചുവെച്ചത് ഇപ്പോഴും വീട്ടിൽ ഉണ്ട്. അത് വേറിട്ട് പ്രത്യേകം വീട്ടിൽ സൂക്ഷിച്ചിട്ടുമുണ്ട്. -എന്നും കത്തിൽ പറയുന്നുണ്ട്. ഈ സംഭവം തന്നെ കുടുക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ഒരു ഗൂഢാലോചനയാണെന്നും വർമ വിശദീകരിക്കുന്നുണ്ട്. അതിനിടെ വർമയെ പ്രതിക്കൂട്ടിലാക്കി വീടിനു സമീപത്ത് നിന്ന് വീണ്ടും കത്തിയ നിലയിലുള്ള 500 ന്റെ നോട്ടുകെട്ടുകൾ കണ്ടെത്തിയിരുന്നു.
അതിനിടെ, യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസിനോട് നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.
മാർച്ച് 14ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ തീപിടിത്തത്തിന് പിന്നാലെയാണ് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തീ അണക്കാൻ എത്തിയ അഗ്നിശമനസേനക്കാണ് കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം ലഭിച്ചത്. അഗ്നിശമനസേന എത്തുമ്പോൾ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. തീ അണച്ചതിന് ശേഷം നശിച്ച സാധനങ്ങളുടെ കണക്കെടുപ്പ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ അനധികൃത പണമാണെന്ന് മനസ്സിലായി. ഇതോടെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം കേന്ദ്ര സർക്കാർ സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശ്രദ്ധയിൽപെടുത്തി. ഇതിന് പിന്നാലെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൊളീജിയം യോഗം വിളിക്കുകയും ജഡ്ജിയെ അടിയന്തരമായി അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. 2021 ഒക്ടോബറിലാണ് യശ്വന്ത് വർമ ഡൽഹി ഹൈകോടതിയിൽ നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.