തീവ്ര വലതുപക്ഷ പ്രവർത്തക കാജൽ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജൽ സിംഗ്ലയുടെ വിദ്വേഷ പ്രസംഗം ഗുജറാത്തിൽ വിവാദമാകുന്നു. ഗുജറാത്തിലെ ഉനയിൽ രാമനവമി ആഘോഷങ്ങളുടെ മറവിൽ ഇവർ നടത്തിയ തീവ്ര വിദ്വേഷ പ്രസംഗമാണ് ഇപ്പോർ ചർച്ചയായിരിക്കുന്നത്. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ മുസ്‍ലിം സ്ത്രീകൾക്കുണ്ടാകുന്ന ‘നേട്ടങ്ങൾ’ വിവരിച്ചാണ് കാജൽ പ്രസംഗിച്ചത്. ഇതിന് ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും ദൃശ്യങ്ങളിൽ കാണാം.
ഗുജറാത്തിലെ ഗീർ സോമനാഥ് ജില്ലയിലെ ഉനയിൽ വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേർന്ന് സംഘടിപ്പിച്ച രാമനവമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഹിന്ദു പുരുഷനെ വിവാഹം കഴിച്ചാൽ മുസ്‍ലിം സ്ത്രീക്ക് ധാരാളം സ്വാതന്ത്ര്യം ലഭിക്കുമെന്ന് കാജൽ പറഞ്ഞു. ‘നിങ്ങൾ ഹിന്ദു പുരുഷൻമാരെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് സഹ പത്നിമാരുണ്ടാകില്ല. നിങ്ങൾ കുട്ടികളെ ഉൽപാദിപ്പിക്കുന്ന യന്ത്രങ്ങളാകില്ല. നിങ്ങളുടെ കുട്ടികളെ ആരും തീവ്രവാദികൾ എന്ന് വിളിക്കുകയും ഇല്ല.
നിങ്ങളെ ഹിന്ദു ആണുങ്ങൾ സംരക്ഷിക്കും. നിങ്ങളോട് ആരും അവിഹിതത്തിന് വരില്ല. നിങ്ങൾ ഹിന്ദുവായാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. 45 ഡിഗ്രി ചൂടിൽ നിങ്ങൾക്ക് ബുർഖ ഇടേണ്ടിവരില്ല’’ -കാജലിന്റെ വിദ്വേഷ പ്രസംഗത്തിൽ അവർ പറഞ്ഞു. അതേസമയം, കാജൽ ഹിന്ദുസ്ഥാനി രാമനവമിക്ക് നടത്തിയ പ്രസംഗം ഇതരസമുദായത്തിൽ സ്പർധക്ക് കാരണമായെന്നും അത് പരിഹരിക്കാൻ തങ്ങൾ ശാന്തി സമിതി രൂപീകരിച്ചെന്നും എസ്.പി ശ്രീപാൽ ശേഷ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.