ന്യൂഡൽഹി: മൂന്നു മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മധ്യപ്രദേശിൽ മുന്നിൽനിന്ന് നയിച്ചതടക്കം, ചരിത്രം മുഴുവൻ മറന്ന് മുതിർന്ന നേതാവ് കമൽനാഥ് ബി.ജെ.പിയിലേക്ക് കണ്ണെറിയുന്നുവെന്ന അഭ്യൂഹങ്ങൾ സൃഷ്ടിച്ച അമ്പരപ്പിൽ ഹൈകമാൻഡ്. ഉറപ്പായും ജയിക്കുമെന്ന് പ്രതീക്ഷിച്ച സംസ്ഥാനത്ത് പാർട്ടിയെ 66 സീറ്റിലേക്ക് ഒതുക്കിയ ദയനീയ പരാജയത്തിനുപിന്നിൽ ഒത്തുകളി നടന്നുവെന്ന സംശയങ്ങളെ ബലപ്പെടുത്തുകകൂടിയാണ് കമൽനാഥിന്റെയും മകൻ നകുൽ നാഥ് എം.പിയുടെയും നീക്കങ്ങൾ.
പഞ്ചാബിൽ അമരീന്ദർ സിങ്, മഹാരാഷ്ട്രയിൽ അശോക് ചവാൻ എന്നിങ്ങനെ കോൺഗ്രസ് പാരമ്പര്യം ഇട്ടെറിഞ്ഞുപോയ മുൻ മുഖ്യമന്ത്രിമാരുടെയും ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ളവരുടെയും പട്ടികയിലേക്കാണോ കമൽനാഥ്? നെഹ്റുകുടുംബം ഒഴിഞ്ഞുമാറിയപ്പോൾ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ട നേതാവിനുപോലും കോൺഗ്രസിനോടുള്ള കൂറ് ഒലിച്ചുപോകുന്നുവെന്ന സൂചനകളാണ് നേതാക്കളിൽ തരിപ്പ് കയറ്റുന്നത്. ഇന്ദിര ഗാന്ധി മൂന്നാമത്തെ മകനായിപ്പോലും വിശേഷിപ്പിച്ച അടുപ്പമായിരുന്നു നെഹ്റുകുടുംബവുമായി കമൽനാഥിന്.
രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതോടെ 77കാരനായ കമൽനാഥിന് കോൺഗ്രസിനോട് കടുത്ത അമർഷമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് പിന്നാലെ പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി ജിതു പട്വാരിയെ നിയോഗിക്കാൻ ശഠിച്ചതടക്കം, രാഹുൽ ഗാന്ധിയുമായുള്ള അകൽച്ച വർധിച്ചു. കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, രൺദീപ് സുർജേവാല എന്നിവരുടെ കരവലയത്തിലാണ് രാഹുൽ എന്നും പാർട്ടി മാറിപ്പോയെന്നുമുള്ള രോഷം കമൽനാഥിനുണ്ട്. ബി.ജെ.പിയിലെത്തിച്ച് മകന്റെ ഭാവി ഭദ്രമാക്കണമെന്ന ഉന്നം അദ്ദേഹത്തിനുള്ളതായും പറയുന്നു.
കമൽനാഥ് ബാധ്യതയാണെന്ന തോന്നൽ കോൺഗ്രസിലുമുണ്ട്. തന്റെയും കുടുംബത്തിന്റെയും കാര്യം നോക്കുന്നതിനപ്പുറം, പാർട്ടി ശക്തിപ്പെടുത്താൻ കമൽനാഥ് ഒന്നും ചെയ്യുന്നില്ലെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നും വിലയിരുത്തിയാണ് അദ്ദേഹത്തെ ഒതുക്കിയത്. ആ ‘ബാധ്യത’ ഏറ്റെടുക്കാൻ തുനിയുന്ന ബി.ജെ.പിക്കാകട്ടെ, കോൺഗ്രസിനെ ഒന്നുകൂടി ദുർബലപ്പെടുത്താമെന്ന ലാക്കുണ്ട്.
അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരെ പോരാടുന്നുവെന്നു പറയുന്ന ബി.ജെ.പി തന്നെയാണ് ‘മിസ്റ്റർ 10 പേർസന്റ്’ എന്ന ചെല്ലപ്പേരു വീണ കമൽനാഥിനെയും മകനെയും പാർട്ടിയിലേക്ക് ആനയിക്കാൻ തയാറാകുന്നത്. അഴിമതി ആരോപണങ്ങൾ മാത്രമല്ല കമൽനാഥിന് പേരുദോഷമുണ്ടാക്കിയത്. കോൺഗ്രസിനെതിരെ ബി.ജെ.പി എക്കാലവും ആയുധമാക്കുന്ന 1984ലെ സിഖ് കുരുതിയിൽ ആരോപണം നേരിട്ടയാൾ കൂടിയാണ് കമൽനാഥ്. പക്ഷേ കോൺഗ്രസ് ക്ഷയം മൂർഛിപ്പിക്കാനുള്ള ദൗത്യത്തിൽ ബി.ജെ.പി അത് കാര്യമാക്കില്ല.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ ക്ഷണം നിരസിച്ചതിൽ കോൺഗ്രസിനോട് അതൃപ്തിയുള്ള മുതിർന്ന നേതാക്കൾക്കായി പാർട്ടിയുടെ വാതിൽ തുറന്നു കിടക്കുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമയുടെ കമന്റ്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഹിന്ദുത്വ ലൈൻ പിൻപറ്റി കോൺഗ്രസിന്റെ പ്രചാരണം മധ്യപ്രദേശിൽ മുന്നോട്ടുകൊണ്ടുപോയെന്ന വിമർശനം കമൽനാഥ് നേരിടുമ്പോൾ തന്നെയാണ് ബി.ജെ.പി നേതാവിന്റെ ഈ പരാമർശം.
ന്യൂഡൽഹി: കമൽനാഥിന്റെ ഡൽഹി യാത്രക്കിടയിലും, അദ്ദേഹത്തിന്റെ ബി.ജെ.പി ബന്ധം അഭ്യൂഹം മാത്രമായി കാണുകയാണ് സംസ്ഥാന നേതാക്കൾ. ഇന്ദിരയുടെ ‘മൂന്നാമത്തെ പുത്രൻ’ എന്നെങ്കിലും പാർട്ടി വിടുമെന്ന് സ്വപ്നം കാണാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? -മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ ജിതു പട്വാരി മാധ്യമപ്രവർത്തകരോട് ചോദിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്ന് തന്റെ സർക്കാറിനെ മറിച്ചിട്ടപ്പോഴും കോൺഗ്രസിനൊപ്പം പാറപോലെ ഉറച്ചുനിന്ന നേതാവാണ് കമൽനാഥ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ് ഏർപ്പാടിന് നിൽക്കരുതെന്നാണ് മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്വിജയ്സിങ് മാധ്യമങ്ങളോട് അഭ്യർഥിച്ചത്. കഴിഞ്ഞ രാത്രിയും താൻ കമൽനാഥുമായി സംസാരിച്ചതാണ്. നെഹൃു കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് കമൽനാഥ്. ഇന്ദിരഗാന്ധിയെ ജയിലിൽ അടക്കാൻ ജനത പാർട്ടി പണിയെടുത്ത കാലത്ത് പാർട്ടിയുടെ പിന്നിൽ ഉറച്ചുനിന്ന നേതാവ്. അങ്ങനെയൊരാൾ കോൺഗ്രസിനെയും സോണിയ ഗാന്ധിയേയും ഇന്ദിരഗാന്ധിയുടെ കുടുംബത്തെയും വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും അരുത് -ദിഗ്വിജയ്സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.