വാരണാസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്നതിന്‍റെ പേരിൽ പള്ളിയുടെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവിട്ട സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശിവൻ കാശിയിലെ എല്ലാ അണുവിലുമുണ്ടെന്നും പ്രത്യേക രൂപം ആവശ്യമില്ലെന്നും കങ്കണ റണാവത്ത് പ്രതികരിച്ചു.
''കൃഷ്ണൻ മഥുരയിലെ എല്ലാ അണുവിലും രാമൻ അയോധ്യയിലെ എല്ലാ അണുവിലുമുണ്ട്. അതുപോലെ ശിവൻ കാശിയിലെ എല്ലാ അണുവിലുമുണ്ടെന്നും പ്രത്യേക രൂപം ആവശ്യമില്ലെന്നും''-കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ തെലുങ്ക് സിനിമ ധാക്കടിന്‍റെ റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർക്കൊപ്പം വാരണാസിയിലെ ദശാശ്വമേദ് ഘട്ടിൽ പ്രാർഥിക്കാൻ എത്തിയപ്പോഴാണ് ഗ്യാൻവാപി വിഷയത്തിൽ കങ്കണ പ്രതികരിച്ചത്.
ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഥുരയിലെ ശ്രീകൃഷ്ണന്‍റെ യഥാർഥ ജനനസ്ഥാനം ജനങ്ങൾക്ക് കാട്ടിക്കൊടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന പ്രസ്താവന റണാവത്ത് നേരത്തെ നടത്തിയിരുന്നു. കൃഷ്ണൻ ജനിച്ച സ്ഥലത്ത് ഒരു ഈദ്ഗാഹ് ഉണ്ടെന്നും നടി ആരോപിച്ചിരുന്നു.
ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വാരാണസി കോടതി ഉത്തരവ് പ്രകാരം നടത്തിയ വിഡിയോ സർവേക്ക് പിന്നാലെയാണ് ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി ഹരജിക്കാർ രംഗത്തെത്തിയത്. അതേസമയം, നമസ്കാരത്തിന് മുമ്പ് അംഗശുദ്ധി വരുത്തുന്ന വുദു ടാങ്കിനുള്ളിലെ ഫൗണ്ടൻ (ജലധാര) ആണിതെന്ന് മസ്ജിദ് കമ്മിറ്റി വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.