തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിന് മർദനം

​ന്യൂഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിന് മർദനം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് മർദനമേറ്റത്. മാലയിടാനായി എത്തിയ ഒരു സംഘം ആളുകൾ അദ്ദേഹത്തെ മർദിക്കുകയായിരുന്നു.

എ.എ.പിയുടെ വനിത കൗൺസിലർ ഛായ ഗൗരവ് ശർമ്മയോടും സംഘം മോശമായി പെരുമാറി. അവർ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. കർത്താർ നഗറി​ലെ എ.എ.പി ഓഫീസിന് സമീപത്തായിരുന്നു സംഭവം. തന്റെ ഷാൾ അക്രമികൾ പിടിച്ചുവലിക്കുകയും ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ എ.എ.പി നേതാവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കറുത്ത മഷി ആൾക്കൂട്ടത്തിന് നേരെ അക്രമികൾ എറിഞ്ഞുവെന്നും നാലോളം സ്ത്രീകൾക്ക് പരിക്കേറ്റുവെന്നും ഗൗരവ് ശർമ്മയുടെ പരാതിയിൽ പറയുന്നുണ്ട്.

ഛായ ശർമ്മയുമായി കൂടിക്കാഴ്ച നടത്തി കനയ്യ കുമാർ പുറത്തിറങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. കനയ്യകുമാറിന് സമീപത്തേക്ക് മാലയിടാനായി എത്തിയ ഒരു സംഘമാണ് അദ്ദേഹത്തെ മർദിക്കാൻ ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച ഛായ ശർമ്മയോട് ഇവർ ​മോശമായി പെരുമാറുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു നോർത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ അക്രമികളുടേതെന്ന് പറയുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിലൊരാൾ കനയ്യ കുമാർ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിച്ചതെന്ന് പറയുന്നുണ്ട്. സൈന്യത്തിനെതിരെയും കനയ്യ കുമാർ സംസാരിച്ചു. അതിനാലാണ് കനയ്യയെ മർദിച്ചതെന്നാണ് വിഡിയോയിൽ ഉള്ളയാൾ പറയുന്നത്. അതേസമയം, അക്രമത്തിന് പിന്നിൽ തന്റെ എതിർ സ്ഥാനാർഥി മനോജ് തിവാരിയാണെന്ന് കനയ്യ കുമാർ ആരോപിച്ചു. തന്റെ ജനസമ്മതി വർധിക്കുന്നതിനാലാണ് ഇത്തരത്തിൽ ആക്രമണം നടത്തിയതെന്നും കനയ്യ കുമാർ പറഞ്ഞു.

Tags:    
News Summary - Kanhaiya Kumar slapped by man garlanding him, black ink thrown in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.