ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. ഇൗ പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സൂചിപ്പിച്ച് എം.ബി. രാജേഷ് എം.പിക്ക് കത്തു നൽകി ദിവസങ്ങൾക്കകമാണ് മന്ത്രിയുടെ പുതിയ വിശദീകരണം. പദ്ധതിയുടെ വിവിധ വശങ്ങൾ പരിശോധിച്ചുവരുകയാണെന്ന് മന്ത്രി പറഞ്ഞു. റെയിൽവേ ആസ്ഥാനത്ത് വിളിച്ച വാർത്തസമ്മേളനത്തിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാനുള്ള ഒരു തുടർനടപടിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചില്ല. മറ്റു റെയിൽവേ പദ്ധതികളുടെ കാര്യത്തിൽ കേരള സർക്കാർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. റെയിൽവേ വികസനത്തിന് ഭൂമി ഏറ്റെടുത്തു കൈമാറുന്നതിന് സംസ്ഥാന സർക്കാർ താൽപര്യം കാട്ടുന്നില്ല. പദ്ധതി വൈകാൻ ഇത് കാരണമാകുന്നു. യാത്രക്കാരാണ് വിഷമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കുവേണ്ടി 439 ഏക്കർ ഭൂമി ഏറ്റെടുത്തു കൈമാറുകയും 2012ൽ തറക്കല്ലിടുകയും ചെയ്തതാണെങ്കിലും അതുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സൂചനയാണ് ഏപ്രിൽ 18ന് തയാറാക്കി എം.പിക്ക് അയച്ച കത്തിൽ മന്ത്രി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.