സിസോദിയക്കെതിരായ നീക്കം ഗുജറാത്തിലെ ആം ആദ്മിയുടെ വളർച്ച തടയാൻ -കപിൽ സിബൽ

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്രത്തിന്‍റെ നീക്കമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സി.ബി.ഐ നടപടിയെന്ന് രാജ്യസഭ എം.പിയും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. സിസോദിയക്കെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

'ഗുജറാത്ത് ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിയുടെ വളർച്ച തടസപ്പെടുത്താനുള്ള നീക്കമാണിത്. കെജ്‌രിവാൾ രാജ്യത്തെ യുവാക്കളെ വാഗ്ദാനങ്ങൾ നൽകി പ്രലോഭിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഗുജറാത്തിലെ എ.എ.പിയുടെ ആക്രമണാത്മകമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്കാണ്'- സിബൽ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാൾ പലപ്പോഴും ഗുജറാത്ത് സന്ദർശിക്കാറുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നതിനോടൊപ്പം ഡൽഹിയിലും പഞ്ചാബിലും എ.എ.പി സർക്കാർ കൊണ്ടുവന്ന വികസനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലും സൗജന്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നു. കെജ്‌രിവാളും സിസോദിയയും അടുത്താഴ്ച വീണ്ടും ഗുജറാത്ത് സന്ദർശിക്കാനിരിക്കെയാണ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ 15 മണിക്കൂറോളം റെയ്ഡ് നടത്തിയത്.

ഒരു കാലത്ത് സി.ബി.ഐ കൂട്ടിലടക്കപ്പെട്ട തത്ത ആയിരുന്നെന്നും ഇപ്പോൾ അവർ സ്വതന്ത്രരായെന്നും മറ്റൊരു ട്വീറ്റിൽ സിബൽ പറഞ്ഞു. ഇന്ന് അതിന്‍റെ തൂവലുകൾ കാവി നിറവും ചിറകുകൾ ഇ.ഡി ആയി മാറുകയും ചെയ്തു. ആ തത്തകൾ ഇന്ന് യജമാനൻമാർ പറയുന്നത് മാത്രം അനുസരിക്കുന്നവരായെന്നും സിബൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Kapil Sibal attacks BJP over raids on Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.