കാർഗിൽ വിജയ ദിനം: യുദ്ധ പോരാളികളെ അനുസ്മരിച്ച് രാഷ്ട്രം

കാർഗിൽ വിജയ ദിനത്തിൽ യുദ്ധ പോരാളികളെ അനുസ്മരിച്ച് രാഷ്ട്രം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാജ്യത്തിനായി ജീവൻ നൽകിയ പോരാളികളുടെ ധൈര്യത്തെയും ത്യാഗത്തെയും ആദരിക്കുന്നതായി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. സൈനികരുടെ ആത്മവീര്യം ചരിത്രത്തിലെന്നും ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരകാര്യ മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.

കാർഗിൽ യുദ്ധം

1999ൽ മേയ് എട്ട് മുതൽ ജൂലൈ 26 വരെ കശ്മീരിലെ കാർഗിലിലെ ടൈഗർ ഹിൽസിലും നിയന്ത്രണരേഖയിലുമായി നടന്നതാണ് ഐതിഹാസികമായ കാർഗിൽ യുദ്ധം. ഓപറേഷൻ വിജയ് എന്ന ദൗത്യത്തിലൂടെ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ തുരത്താനും ടൈഗർ കുന്നുകൾ അടക്കം പിടിച്ചെടുക്കാനും രാജ്യത്തിനായി. മൂന്ന് മാസം നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.

1998ലാണ് പാകിസ്താനിൽ നിന്നെത്തിയ സൈന്യം നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞ് കയറുന്നത്. 1971ന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നത് അപൂർവമായിരുന്നു. സൈനിക ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ച് സിയാച്ചിൻ മഞ്ഞുമലകൾ നിയന്ത്രിക്കാനാണ് ഇരുരാജ്യങ്ങളും ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇത് 1990കളിൽ സൈനിക തർക്കങ്ങൾക്ക് വഴിവെച്ചു.

1998ൽ ഇരു രാജ്യങ്ങളും ആണവ പരീക്ഷണങ്ങൾ നടത്തിയതിനെ തുടർന്ന് പ്രശ്നം രൂക്ഷമായി. 1999ൽ നടന്ന ലാഹോർ പ്രഖ്യാപനത്തിലൂടെ രാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്തുക എന്ന ധാരണയിലെത്തി. എന്നാൽ, ഈ സമയത്ത് നിയന്ത്രണരേഖ കടക്കാനുള്ള നീക്കത്തിലായിരുന്നു പാകിസ്താൻ. സിയാചിനിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ അകറ്റുകയായിരുന്നു പാക് ലക്ഷ്യം. പാക് പദ്ധതികൾ മനസിലാക്കിയ ഇന്ത്യ രണ്ട് ലക്ഷം അധികം സൈനികരെ വിന്യസിക്കുകയും തുടർന്ന് ദൗത്യത്തിന് ഓപറേഷൻ വിജയ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

സിയാച്ചിനിലെ ഉ‍യർന്ന പ്രദേശത്ത് തമ്പടിച്ചിരുന്ന പാക് സൈന്യത്തിന് ഇന്ത്യൻ സൈന്യത്തെ ഉന്നം വെക്കുവാനും തകർക്കാനും എളുപ്പത്തിൽ സാധിക്കുമായിരുന്നു. രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങൾ പാകിസ്താൻ വീഴ്ത്തി. പ്രത്യാക്രമണം ആരംഭിച്ച ഇന്ത്യൻ കര, വ്യോമ സേനകൾ പാക് ഔട്ട്പോസ്റ്റുകൾ തകർക്കുകയും സിയാച്ചിനിലെ ഉയർന്ന പ്രദേശങ്ങൾ കീഴടക്കുകയും 700ഓളം സൈനികരെ വധിക്കുകയും ചെയ്തു. ജൂലൈ 26ഓടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ സൈന്യം കാർഗിലിലെ ടൈഗർ ഹിൽസിൽ ദേശീയപതാക ഉയർത്തി.

Tags:    
News Summary - Kargil Vijay Diwas 2022: All you need to know about the 1999 Kargil War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.