ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വൻവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാനും റദ്ദാക്കപ്പെട്ട സർവീസുകൾ പുനരാരംഭിക്കാനും പുതിയ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ഏർപ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടു കഴിഞ്ഞിട്ടും വൻവിമാന സർവീസ് പുനസ്ഥാപിക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. വിമാനത്താവളത്തിൽ റീകാർപ്പറ്റിംഗ് പൂർത്തിയാവുകയും അത്യാധുനികമായ ലൈറ്റുകൾ ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ, 2020ലെ നിർഭാഗ്യകരമായ വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച വൻവിമാന സർവീസ് പുനരാരംഭിക്കാത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
വിമാനത്താവളത്തെ ആശ്രയിച്ചുള്ള വ്യാപാര സാധ്യതകളെയും പഴം, പച്ചക്കറി കയറ്റുമതിയെയും ഇത് ഹാനികരമായി ബാധിക്കുകയാണ്. ടിക്കറ്റ് ചാർജ് ഉയരാനും ഇത് കാരണമാകുന്നുണ്ട്. ആഭ്യന്തര, രാജ്യാന്തര സർവീസുകൾ വർധിപ്പിക്കേണ്ടതും വിമാനത്താവളത്തിന്റെ ക്ഷേമത്തിന് ആവശ്യമാണ്. മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്കും വിദൂര കിഴക്കൻ രാജ്യങ്ങളിലേക്കും പുതിയ രാജ്യാന്തര സർവീസുകൾ തുടങ്ങേണ്ടതും വിമാനത്താവളത്തിന്റെ അനിവാര്യതയാണ്.
പ്രവാസികൾ ധാരാളമായി ഉപയോഗിക്കുന്ന കരിപ്പൂർ വിമാനത്താവളം രാജ്യത്തിന് വൻതോതിൽ വിദേശ നാണയവും നേടിത്തരുന്നുണ്ട്. ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശത്തിന്റെയും അവിടത്തെ ജനങ്ങളുടെയും ആവശ്യങ്ങൾ അംഗീകരിക്കാൻ സടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.