ബംഗളൂരു: ശിവമൊഗ്ഗയിലെ ബജ്റങ് ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയെന്ന പരാതിയിൽ കർണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പക്കെതിരെ കേസ്.
ശിവമൊഗ്ഗ ബി.ജെ.പി കോർപറേറ്റർ ചന്നബസപ്പക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശിവമൊഗ്ഗ സ്വദേശിയായ റിയാസ് അഹമ്മദിന്‍റെ പരാതിയെ തുടർന്ന് പ്രത്യേക കോടതിയുടെ നിർദേശ പ്രകാരമാണ് ശിവമൊഗ്ഗയിലെ ദൊഡ്ഡപേട്ട് പൊലീസ് ഈശ്വരപ്പക്കും കോർപറേറ്റർ ചന്നബസപ്പക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഹർഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടർന്നാണ് ശിവമൊഗ്ഗ സിറ്റിയിൽ വ്യാപക അക്രമമുണ്ടായതെന്നാണ് റിയാസിന്‍റെ പരാതി. നേരത്തേ പരാതി നൽകിയെങ്കിലും പൊലീസ് സ്വീകരിച്ചിരുന്നില്ല. തുടർന്ന് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ഹരജി നൽകി. അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതോടെയാണ് പൊലീസ് കേസെടുത്തത്.
മുസ്ലിം ഗുണ്ടകളാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു കെ.എസ്. ഈശ്വരപ്പയുടെ പ്രകോപനപരമായ പ്രസ്താവന. ഇത്തരം ഗുണ്ടായിസം ശിവമൊഗ്ഗയിൽ അനുവദിക്കില്ലെന്നും അവർക്ക് കൊലപാതകം നടത്താൻ ധൈര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിൽ ശിരോവസ്ത്ര വിവാദം ഉൾപ്പെടെയുള്ള കാരണമില്ലെന്നും വർഷങ്ങൾക്കു മുമ്പുള്ള വ്യക്തിവിരോധമാണെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ.
അന്വേഷണം നടക്കുന്നതിനിടെ മുസ്ലിം വിഭാഗത്തിനെതിരെ മന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. മന്ത്രിയുടെ പ്രകോപന പ്രസ്താവനക്ക് പിന്നാലെയാണ് ഹർഷയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രക്കിടെ ശിവമൊഗ്ഗ സിറ്റിയിൽ വ്യാപക അക്രമം ഉണ്ടായത്. നിരോധനാജ്ഞ ലംഘിച്ചായിരുന്നു അക്രമമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.