കാവി ഷാളണിഞ്ഞ് എ.ബി.വി.പി പ്രതിഷേധം: കോളജിൽ ഹിജാബ് നിരോധിച്ചു

മംഗളൂരു: കർണാടക ചിക്കമഗളൂരു ജില്ലയിലെ ബലഗാഡി ഗവ. കോളജിൽ മുസ്‍ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. എ.ബി.വി.പി പ്രവർത്തകർ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്നാണ് തീരുമാനം.

ക്ലാസ് മുറികളിൽ മുസ്‍ലിം കുട്ടികൾ ഹിജാബ് ധരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് കാവി നിറത്തിലുള്ള സ്കാർഫുകൾ ധരിച്ച് എ.ബി.വി.പി പ്രതിഷേധിച്ചത്. തുടർന്ന് ഇന്നലെ ഹിജാബും കാവി ഷാളും നിരോധിക്കാൻ അധ്യാപക-രക്ഷാകർതൃ യോഗത്തിൽ തീരുമാനിച്ചതായി പ്രിൻസിപ്പൽ അനന്ത് മൂർത്തി അറിയിച്ചു.

'ഹിന്ദു വിദ്യാർഥികൾ കാവി സ്കാർഫും മുസ്‍ലിം പെൺകുട്ടികൾ ഹിജാബും ധരിക്കരുതെന്ന് തീരുമാനിച്ചു. അതേസമയം, തലമറയ്ക്കാൻ അവർക്ക് ഷാൾ ധരിക്കാം. ആരെങ്കിലും നിയമം ലംഘിച്ചാൽ അവരെ കോളജിൽനിന്ന് പിരിച്ചുവിടും' -പ്രിൻസിപ്പൽ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

850 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളജിൽ ജനുവരി 4 നാണ് 50 ഓളം എ.ബി.വി.പിക്കാർ കാവി സ്കാർഫ് ധരിച്ചെത്തിയത്. സ്ഥാപനത്തി​ന്റെ പ്രവേശന കവാടത്തിൽ കുത്തിയിരുന്ന് സംഘം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഉഡുപ്പി ജില്ലയിലെ ഗവ. പി.യു കോളജിൽ ഹിജാബ് ധരിക്കുന്നത് പ്രിൻസിപ്പൽ തടഞ്ഞിരുന്നു. എന്നാൽ, ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് കാണിച്ച് എട്ട് പെൺകുട്ടികൾ ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവുവിനെ സമീപിച്ചതോടെ നിരോധനം നീക്കി. ഇതിനുപിന്നാലെയാണ് ചിക്കമഗളൂരിൽ എ.ബി.വി.പി രംഗത്തെത്തിയത്.

Tags:    
News Summary - Karnataka College Responds to Protest Pressure, Bans Hijabs and Saffron Scarves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.