''മുസ്​ലിംകൾ ബീഫ് വർജിക്കണം''; ജെ.ഡി.എസിലേക്ക് മടങ്ങിപ്പോകുമെന്ന റിപ്പോർട്ടുകൾക്കിടെ വിവാദ പ്രസ്താവനയുമായി സി.എം ഇബ്രാഹീം

ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാർ നിയമസഭയിൽ പാസാക്കിയ വിവാദമായ ഗോവധ നിരോധന കന്നുകാലി സംരക്ഷണ ബില്ലിനെ സ്വാഗതം ചെയ്ത് കോൺഗ്രസിെൻറ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സി.എം. ഇബ്രാഹിം. കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും വിവാദ ബില്ലിനെ ശക്തമായി എതിർക്കുന്നതിനിടെയാണ് ബി.ജെ.പി അനുകൂല പ്രസ്താവനയുമായി സി.എം. ഇബ്രാഹിം രംഗത്തെത്തിയത്. മുസ്​ലിംകൾ ബീഫ് കഴിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

'രാജ്യത്തെ ഹിന്ദുഭൂരിപക്ഷങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തി മുസ്​ലിം സമൂഹം ചെയ്യരുതെന്നാണ് ഞാൻ തീവ്രമായി ആഗ്രഹിക്കുന്നത്. മുസ്​ലിം സമൂഹം ഇത് തിരിച്ചറിഞ്ഞ് ബീഫ് കഴിക്കുന്നത് നിർത്തണം' എന്നായിരുന്നു സി.എം. ഇബ്രാഹിമിെൻറ പ്രസ്താവന. താലൂക്ക് അടിസ്ഥാനത്തിൽ ഗോശാലകൾ സ്ഥാപിക്കുന്നതിന് പകരമായി പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയും സുഹൃത്തായ സിദ്ധരാമയ്യയും തന്നെ അവഗണിച്ചുവെന്നും മോശമായി പെരുമാറിയെന്നും സി.എം. ഇബ്രാഹിം തുറന്നടിച്ചു.

അടുത്തിടെ ബി.ജെ.പിയുമായി അടുക്കുന്ന ജെ.ഡി.എസിലേക്ക് സി.എം. ഇബ്രാഹിം മടങ്ങിപ്പോകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിവാദ പ്രസ്താവന. എന്നാൽ, ഗോവധ നിരോധന കന്നുകാലി സംരക്ഷണ ബില്ലിനെ എതിർക്കുമെന്നാണ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കിയത്. ജെ.ഡി.എസിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്നോടിയായി നേതാക്കളായ എച്ച്.ഡി. ദേവഗൗഡ, കുമാരസ്വാമി എന്നിവരുമായി ഇബ്രാഹിം കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസ് വിടുന്ന കാര്യം തീരുമാനിക്കുന്നതിനായി അനുയായികളെ കണ്ട് അഭിപ്രായം തേടാന്‍ സംസ്ഥാന പര്യടനത്തിലാണ് സി.എം. ഇബ്രാഹിം. 2004 ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു സി.എം. ഇബ്രാഹിം ജെ.ഡി.എസ് വിട്ടത്. തുടർന്ന്് 2008ൽ കോണ്‍ഗ്രസില്‍ ചേർന്നു. കർണാടക രാഷ്​​ട്രീയ തട്ടകമാക്കിയ മലയാളിയാണ് സി.എം. ഇബ്രാഹിം.

Tags:    
News Summary - Karnataka Congress leader welcomes BJP's Bill on cow slaughter ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.