ബംഗളൂരു: കർണാടകയിലെ സ്കൂളുകളിലും കോളജുകളിലും ആഗസ്റ്റ് 31ന് പതിവുപോലെ വിനായക ചതുർഥി ആഘോഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. മതപരമായ ചിഹ്നങ്ങൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നും ഇതിനാലാണ് മുസ്‍ലിം വിദ്യാർഥിനികളുടെ ഹിജാബ് വിലക്കിയതെന്നും വാദിച്ച സർക്കാർ തന്നെ മതപരമായ ആഘോഷമായ വിനായക ചതുർഥിക്ക് ആഹ്വാനം ചെയ്യുകയാണെന്ന് വിമർശനവും ഇതിനകം ഉയർന്നുകഴിഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് കാപട്യമാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചു.
ബംഗളൂരുവിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് സ്കൂളുകൾക്ക് വിനായക ചതുർഥി ആഘോഷിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് സർക്കാറിനെതിരെ രംഗത്തുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കലുഷിത അന്തരീക്ഷമുണ്ടാക്കാനും ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമമെന്ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് അതാവുല്ല പഞ്ചാൽകട്ടെ പറഞ്ഞു. ഇതേ മന്ത്രി തന്നെയാണ് മതപരമായ അനുഷ്ഠാനങ്ങൾ വിദ്യാലയങ്ങളിൽ അനുവദിക്കില്ലെന്ന് മുമ്പ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബ് അടക്കം ഒരു തരത്തിലുള്ള മതപരമായ കാര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കില്ലെന്നാണ് നേരത്തെ സർക്കാർ പറഞ്ഞത്. ഈ ന്യായം പറഞ്ഞാണ് മുസ്‍ലിം പെൺകുട്ടികൾ തലമറക്കുന്നത് നിരോധിച്ചത്. ഇപ്പോൾ ഗണേശവിഗ്രഹങ്ങൾ സ്കൂളുകളിൽ സ്ഥാപിക്കുമെന്ന് അതേ സർക്കാർ പറയുന്നു. ഇത് മറ്റ് മതസ്ഥരായവരുടെ വികാരങ്ങൾ വ്രണപ്പെടുത്തില്ലേയെന്നാണ് വിമർശകർ ചോദിക്കുന്നത്.
ഹിജാബ് ധരിച്ച ആറ് മുസ്‍ലിം വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീയൂനിവേഴ്സിറ്റി കോളജിൽനിന്ന് വിലക്കിയതായിരുന്നു കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ തുടക്കം. ഇതിനെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധമുണ്ടായി. വിദ്യാർഥിനികളടക്കം കർണാടക ഹൈകോടതിയിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. എന്നാൽ, ഹിജാബ് ധരിക്കൽ ഇസ്‍ലാമിക വിശ്വാസപ്രകാരം നിർബന്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല വിധി. ഇതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ മാസം മംഗളൂരു സർവകലാശാല കോളജിൽ ഹൈകോടതി ഉത്തരവ് പ്രകാരം ഹിജാബ് വിലക്ക് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികളും ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗം വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. എന്നാൽ, ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവ് പ്രീ യൂനിവേഴ്സിറ്റി കോളജുകൾക്കൊപ്പം ഡിഗ്രി കോളജുകൾക്കും ബാധകമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെതുടർന്ന് സർവകലാശാല കോളജിൽ ഹിജാബിന് വിലക്കേർപ്പെടുത്തുകയായിരുന്നു. നേരത്തെ ഇവിടെ ഡിഗ്രി കോളജിലെ വിദ്യാർഥികൾക്ക് യൂനിഫോമിന്‍റെ അതേ നിറത്തിലുള്ള തട്ടം ധരിക്കുന്നത് അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ക്ലാസ് മുറിയിൽ തട്ടവും ഹിജാബും ഉൾപ്പെടെ അനുവദിക്കേണ്ടതില്ലെന്ന് കോളജ് വികസന സമിതി യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു.
മതപരമായ വസ്ത്രമോ ചിഹ്നങ്ങളോ വിദ്യാലയങ്ങളിൽ വേണ്ടെന്നും ഇതിനാലാണ് ഇത്തരത്തിലുള്ള തീരുമാനമെന്നുമാണ് അധികൃതർ പറയുന്നത്. അതിനിടെയാണ് സ്കൂളുകളിൽ വിനായകചതുർഥി ആഘോഷിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ ആഹ്വാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.