ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ഡൽഹിയിൽ കർണാടക സർക്കാർ സമരത്തിൽ പ്രതിഷേധമിരമ്പി. ബുധനാഴ്ച ജന്തർമന്തറിൽ നടന്ന ‘ചലോ ദില്ലി’ പ്രതിഷേധ സമരത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ നേതൃത്വം നൽകി.
കർണാടകയോടുള്ള കേന്ദ്ര സർക്കാറിന്റെ ചിറ്റമ്മ നയം തുറന്നു കാണിക്കാനാണ് സമരമെന്ന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും അവഗണനയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതിയിനത്തിൽ 4,30,000 കോടി രൂപയാണ് കർണാടക നൽകുന്നത്.
എന്നാൽ, കേന്ദ്രം അർഹമായ നികുതിവിഹിതം നൽകാതിരുന്നതു കാരണം 62,098 കോടിയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. വരൾച്ച ദുരിതാശ്വാസ ഫണ്ടനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പരിഗണിക്കുന്നില്ലെന്ന് ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി.
കന്നട ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സമരത്തിൽ സംസാരിച്ച മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. 135 ഭരണകക്ഷി എം.എൽ.എമാരും 28 എം.എൽ.സിമാരും സംസ്ഥാനത്ത് നിന്നുമുള്ള കോൺഗ്രസ് ലോക്സഭ, രാജ്യസഭ എം.പിമാരും പങ്കെടുത്തു. 300 പേരുടെ പ്രതിഷേധ ധർണക്കാണ് ഡൽഹി പൊലീസ് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.