കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി പിന്തുണക്കുന്ന സ്ഥാനാർഥികളുടെ മുന്നേറ്റം

ബംഗളൂരു: കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥികൾക്ക് മുന്നേറ്റം. വോട്ടെണ്ണലിൽ ബുധനാഴ്ച വൈകീട്ടോടെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 5342 സീറ്റുകളിൽ ബി.ജെ.പി പിന്തുണയോടെയുള്ള സ്ഥാനാർഥികളാണ് മുന്നേറുന്നത്. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച 3155 സ്ഥാനാർഥികളും ജെ.ഡി.എസ് പിന്തുണയോടെ മത്സരിച്ചവരിൽ 1565 പേരും സ്വതന്ത്രരും 678 പേരും ലീഡ് ചെയ്യുന്നുണ്ട്.

ബിദറിൽ ഒഴികെ മറ്റെല്ലായിടത്തും ബാലറ്റ് പേപ്പറിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് ഫലത്തിെൻറ യഥാർഥ ചിത്രം പുറത്തുവരാൻ ഇനിയും വൈകും. പാർട്ടി ചിഹ്നങ്ങളിലായിരുന്നില്ല മത്സരമെങ്കിലും കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് ഭൂരിഭാഗം സ്ഥാനാർഥികളും മത്സരിച്ചത്.

ദക്ഷിണ കന്നട ഉൾപ്പെടെയുള്ള തീരദേശ കർണാടകയിൽ എസ്.ഡി.പി.ഐ പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥികൾ നേട്ടം കൊയ്തു. മംഗളൂരു, കലബുറഗി, ഹാസൻ, ഉഡുപ്പി, മടിക്കേരി, ഉത്തര കന്നട തുടങ്ങിയ വിവിധയിടങ്ങളിലായി 150ലധികം സീറ്റുകളിൽ എസ്.ഡി.പി.ഐ വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇതുകൂടാടെത 40ലധികം സീറ്റുകളിൽ എസ്.ഡി.പി.ഐ ലീഡും ചെയ്യുന്നുണ്ട്.

മംഗളൂരുവിൽ ഉൾപ്പെടെ ദക്ഷിണ കന്നടയിൽ 100ലധികം സീറ്റിലാണ് എസ്.ഡി.പി.ഐയുടെ മുന്നേറ്റം. ദക്ഷിണ കന്നടയിലെ സജിപ പഞ്ചായത്തിലെ 15 സീറ്റുകളിൽ എട്ടു സീറ്റിലും വിജയിച്ച് എസ്.ഡി.പി.ഐ ഭരണംപിടിച്ചു. വെൽഫെയർ പാർട്ടിയും ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്തു. 41 സീറ്റുകളിലാണ് വെൽഫെയർ പാർട്ടി വിജയം ഉറപ്പിച്ചത്.

രാത്രി എട്ടുവരെയുള്ള കണക്കുകൾ പ്രകാരം ബിദർ (15), കലബുറഗി (5), ബാഗൽകോട്ട് (4), കൊപ്പാൽ (3), കുടക് (4), ഉഡുപ്പി (5), ഗദഗ് (1), വിജയപുര (4) എന്നിങ്ങനെയാണ് വെൽഫെയർ പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം. പത്തു ജില്ലകളിലായി 125 സീറ്റുകളിൽ മത്സരിച്ചാണ് വെൽഫെയർ പാർട്ടി 41 സീറ്റിൽ വിജയം നേടിയത്.

സംസ്ഥാനത്തെ 226 താലൂക്കുകളിലെ 5728 ഗ്രാമ പഞ്ചായത്തുകളിലായി 82,616 സീറ്റുകളിലേക്കാണ് രണ്ടു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. ഡിസംബർ 22നും 27നുമായി നടന്ന വോട്ടെടുപ്പിൽ 78.58 ശതമാനമായിരുന്നു ആകെ പോളിങ്. 2,22,814 സ്ഥാനാർഥികളാണ് ആകെ മത്സരിച്ചത്. ഇതിൽ 8,074 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.