മംഗളൂരു: ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനിയിൽ നടന്ന ഗണേശോത്സവത്തിനെത്തുടർന്ന് ഇരു മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ച ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖിന് എതിരെ കർണാടക പോലീസ് കേസെടുത്തു. നേരത്തെ മൈതാനത്ത് ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ച് ഉത്സവം നടത്തുന്നതിനെ എതിർത്ത അൻജുമൻ ഇസ്‍ലാം എന്ന സംഘടനയേയും ഭാരവാഹികളേയും ദേശവിരുദ്ധരാണെന്നാണ് മുത്തലിഖ് പറഞ്ഞത്.
"അൻജുമൻ ഇസ്‍ലാം സംഘടനയുടെ ദുരുദ്ദേശ്യം തുറന്നു കാട്ടപ്പെട്ടു. മസ്ജിദിലും ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കാൻ ഹിന്ദുവിന് കരുത്തുണ്ട്. പ്രാർഥന തടയാനുമാവും. റാണി ചന്നമ്മ ഈദ് ഗാഹ് മൈതാനിയിൽ നമസ്കാരത്തിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് തങ്ങൾ കോടതിയെ സമീപിക്കും. ഇത് പാക്കിസ്താനോ തറവാട് വകയോ അല്ല" എന്നായിരുന്നു മുത്തലിഖിന്റെ പ്രസംഗം.
ഹുബ്ബള്ളി കോർപറേഷൻ അസി. കമീഷണർ ചന്ദ്രശേഖര ഗൗഡയുടെ പരാതിയിൽ ഹുബ്ബള്ളി ഉപനഗര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഈ മാസം 19 മുതൽ 21 വരെയാണ് ഈദ് ഗാഹ് മൈതാനിയിൽ ഗണേശോത്സവം കോർപറേഷൻ അനുമതിയോടെ സംഘടിപ്പിച്ചത്.
കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ കാർക്കള മണ്ഡലത്തിൽ മത്സരിച്ച് കെട്ടി വെച്ച പണം നഷ്ടപ്പെട്ട ശേഷം ആദ്യമായാണ് മുത്തലിഖ് പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.