ഗൂഗിൾ മാപ്പിൽ ഗ്യാൻവാപി മസ്ജിദിന് പകരം ഗ്യാൻവാപി ക്ഷേത്രമെന്ന് അടയാളപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൂർവവിദ്യാർഥികൾക്ക് ഇ മെയിലയച്ച് ബംഗളൂരുവിലെ പ്രമുഖ വിദ്യാലയം. ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളാണ് ഔദ്യോഗിക ലെറ്റർപാഡിൽ ഗുരുതര ആവശ്യം ഉന്നയിച്ച് സന്ദേശം അയച്ചത്. പൂർവ വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച മെയിലുകൾ അടക്കം പ്രദർശിപ്പിച്ച് രൂക്ഷപ്രതികരവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
'ഹിന്ദു സഹോദരന്മാരെ സഹോദരിമാരെ' എന്ന് അഭിസംബോധന ചെയ്ത് സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ അയച്ച മെയിലിൽ ഹിന്ദുത്വ തീവ്രവാദികളുടെ ആവശ്യമാണ് ഇവരും ഉന്നയിച്ചിരിക്കുന്നത്. മസ്ജിദിന് പകരം മന്ദിർ എന്ന് ഗൂഗിൾ തിരുത്തും വരെ ഇടപെടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
നിരവധി പൂർവ വിദ്യാർഥികൾ ഇ മെയിലിന്റെ സ്‌ക്രീൻ ഷോട്ട് പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തായത്. നിങ്ങൾ കുട്ടികളെ എങ്ങനെ ചിന്തിക്കണമെന്നാണോ അല്ലെങ്കിൽ എന്ത് ചിന്തിക്കണമെന്നാണോ പഠിപ്പിക്കുന്നതെന്നും അവ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും പൂർവ വിദ്യാർഥിയായ പ്രീതി കൃഷ്ണമൂർത്തി ആക്ടിവിസ്റ്റ് മാർട്ടിൻ ലൂഥർകിങിനെ ഉദ്ധരിച്ച് ചോദിച്ചു. മറ്റൊരു പൂർവ വിദ്യാർഥി കാർത്തിക നമ്പൂതിരി താൻ സ്‌കൂളിനെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് കുറിച്ചു.
'നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് ഇത്ര സുരക്ഷിത ബോധമില്ലാത്തവരാണോ? ഒരു ഗൂഗിൾ മാപ്പ് പോലും നിങ്ങൾക്ക് ഭീഷണിയാകുന്നോ? ഒരു സ്‌കൂളെന്ന നിലയിൽ മതേതരത്വമാണ് നിങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതുപോലെയുള്ള നിർവികാര സന്ദേശങ്ങൾ അയക്കരുത്' മറ്റൊരു പൂർവ വിദ്യാർഥി സുരാജ് സുദർശൻ സ്‌കൂളിനെ ടാഗ് ചെയ്ത് കുറിച്ചു. ആൾട്ട് ന്യൂസ് സഹ സ്ഥാപകനും ഫാക്ട് ചെക്കറുമായ മൊഹമ്മദ് സുബൈറും സിയാസത്ത് ഡോട്ട്‌കോമുമാണ് വാർത്ത പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.