ബംഗളൂരു: ഉഡുപ്പിയിലെ ഗവ. പി.യു കോളജിലെ ഹിജാബ് വിവാദം അവസാനിപ്പിച്ചതായി അധികൃതർ അവകാശപ്പെടുമ്പോഴും വിഷയമുയർത്തിയ ആറു പെൺകുട്ടികൾ ക്ലാസിന് പുറത്തുതന്നെ. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കുന്നതുവരെ ക്ലാസിൽ കയറില്ലെന്ന നിലപാടിലാണ് പെൺകുട്ടികൾ.
സ്കൂൾ കാമ്പസിൽ ഹിജാബ് ധരിക്കാമെന്നും എന്നാൽ, ക്ലാസിൽ തലമറക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടിയ സ്കൂൾ അധികൃതർ ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയായി പെൺകുട്ടികൾ തലമറക്കാനുള്ള അവകാശത്തിനായുള്ള സമരത്തിലാണ്. ഡിസംബർ 31 മുതൽ സ്കൂൾ രേഖകളിൽ ഈ വിദ്യാർഥിനികൾക്ക് ഹാജരില്ല.
തലമറച്ചതിന്റെ പേരിൽ ആറു പെൺകുട്ടികളെ ക്ലാസിൽ നിന്ന് പ്രിൻസിപ്പൽ രുദ്രെ ഗൗഡ പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുസ്ലിം പെൺകുട്ടികളുടെ മതപരമായ അവകാശം ചൂണ്ടിക്കാട്ടി ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും ഇതിന്റെ പേരിൽ പെൺകുട്ടികളെ ക്ലാസിൽനിന്ന് തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും (ജി.ഐ.ഒ) കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും (സി.എഫ്.ഐ) കോളജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
15 ദിവസമായി ക്ലാസിൽ പ്രവേശിക്കുന്നില്ലെന്ന് എഴുതിനൽകാൻ പെൺകുട്ടികളോട് പ്രിൻസിപ്പലും അധ്യാപകരും ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
എഴുതി നൽകിയില്ലെങ്കൽ എങ്ങനെ എഴുതിക്കാമെന്ന് അറിയാമെന്നായിരുന്നു ഭീഷണി. സംഭവത്തിന്റെ പേരിൽ പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം മസൂദ് ആരോപിച്ചു.
150 ഓളം ന്യൂനപക്ഷ വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ മറ്റുള്ളവരാരും ഇതേ ആവശ്യമുന്നയിച്ചിട്ടില്ലെന്ന് കോളജ് വികസന സമിതി വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ പറയുന്നു. ആറു പെൺകുട്ടികൾ കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നും കാമ്പസിൽ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോളജിന് അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളും അച്ചടക്കവുമുണ്ട്. സമത്വത്തിനായാണ് യൂനിഫോം ഡ്രസ്കോഡ് നടപ്പാക്കിയത്. ക്ലാസിൽ ഹിജാബ് ധരിക്കണമെന്ന അവരുടെ ആവശ്യം ഇന്ന് അംഗീകരിച്ചാൽ കാമ്പസിൽ നമസ്കരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാളെ അവർ രംഗത്തുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഭവം വിവാദമായതോടെ ജനുവരി ഒന്നിന് ഉഡുപ്പിയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എയും കോളജ് വികസന സമിതി ചെയർമാനുമായ രഘുപതി ഭട്ടിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ യോഗം വിളിച്ചിരുന്നു. ആയിരത്തിലേറെ വിദ്യാർഥികളുടെ രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തതായും യൂനിഫോം കോഡ് കോളജിൽ തുടരാൻ തീരുമാനിച്ചതായും ഭട്ട് പറഞ്ഞു.
ആവശ്യം അംഗീകരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് സമരം ചെയ്യുന്ന പെൺകുട്ടികൾ ഉറപ്പിച്ചുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.