ബസവരാജ് ബൊമ്മൈ

കർണാടകയുടെ ഒരിഞ്ച്​ ഭൂമിയും വിട്ടുകൊടുക്കില്ല - ബസവരാജ് ബൊമ്മൈ

ബംഗളൂരു: കർണാടകയുടെ ഒരിഞ്ച് ഭൂമിയും മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ലെന്നും ഇക്കാര്യത്തിൽ ബി.ജെ.പി ദേശീയ നേതൃത്വവുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടക-മഹാരാഷ്ട്ര അതിർത്തിത്തർക്ക വിവാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നും ബെളഗാവി ജില്ലയിലെ മറാത്തി ഗ്രാമങ്ങൾ തങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഇതുസംബന്ധിച്ച ചോദ്യത്തിനാണ് കർണാടക മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയത്തിൽ ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി. നഡ്ഡയോട് ഇതിനകം സംസാരിച്ചുകഴിഞ്ഞു. കർണാടകയുടെ ഒരു തുണ്ട് ഭൂമിപോലും അയൽസംസ്ഥാനത്ത് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ല. ഈ വിഷയത്തിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും സന്നദ്ധമല്ലെന്നും ബൊമ്മൈ പറഞ്ഞു. അമിത് ഷായുമായി കൂടിക്കാഴ്ചക്ക് നിലവിൽ തീരുമാനിച്ചിട്ടില്ല.

ജെ.പി. നഡ്ഡ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വിളിച്ച് വിഷയത്തിൽ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ താമസിക്കുന്ന കന്നടിഗരുടെ ജീവനും സ്വത്തും സംരക്ഷിക്കാനായുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. മഹാരാഷ്ട്ര ഡി.ജി.പി, ചീഫ്സെക്രട്ടറി എന്നിവരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം കഴിഞ്ഞദിവസം സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. സർക്കാർ ബസുകൾക്കുനേരെ കല്ലേറടക്കം ഉണ്ടായിരുന്നു. 1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതുമുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കം ഉണ്ട്. ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഗ്രാമങ്ങളാണ്. ഇത് തങ്ങളുടെ അധീനതയിൽ ആക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം.

1956ലെ സ്റ്റേറ്റ് റെകഗ്നിഷൻ നിയമം നടപ്പാക്കിയതിനുശേഷം കർണാടകയുമായുള്ള അതിർത്തി പുനർനിർണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. തുടർന്ന് ഇരുസംസ്ഥാനങ്ങളും നാലംഗ സമിതി രൂപവത്കരിച്ചു. തങ്ങളുടെ അധീനതയിലുള്ള കന്നട ഭാഷ സംസാരിക്കുന്നവർ അധിവസിക്കുന്ന 260 ഗ്രാമങ്ങൾ കർണാടകക്ക് നൽകാമെന്നും മഹാരാഷ്ട്ര പറയുന്നു.

എന്നാൽ, ഇക്കാര്യങ്ങൾ തുടക്കം മുതൽ കർണാടക എതിർക്കുകയാണ്. ഇതോടെയാണ് ഇരുകൂട്ടരും പരമോന്നത കോടതിയെ സമീപിച്ചത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കടുത്ത എതിർപ്പ് ഉയർത്തിയതോടെ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ത്രകാന്ത് പാട്ടീലിന്‍റെയും ശംഭുരാജ് ദേശായിയുടെയും ബെളഗാവി സന്ദർശനം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.  

Tags:    
News Summary - Karnataka's land will not be given away - Basavaraj Bommai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.