‘നന്ദിനി’യെ പിടിച്ച് കർണാടക നേടാൻ കോൺഗ്രസും ബി.ജെ.പിയും

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ നന്ദിനി ഡയറി ബ്രാൻഡിനെ ഉപയോഗിക്കാൻ ബി.ജെ.പിയും കോൺഗ്രസും. നമ്മുടെ അഭിമാനമായ നന്ദിനിയെ നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രകടനപ്പത്രികയിൽ പറയുന്നു.

ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടനപ്പത്രിക പുറത്തിറക്കിയത്. ബി.ജെ.പിയുടെ പ്രകടനപ്പത്രിക കഴിഞ്ഞ ദിവസം ദേശീയാധ്യക്ഷൻ ജെ.പി നദ്ദ പുറത്തിറക്കിയിരുന്നു. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് നന്ദിനി ബ്രാൻഡ് പാൽ സൗജന്യമായി നൽകുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം, പാലുത്പാദനം ദിവസം 1.5 കോടി ലിറ്റർ ആയി വർധിപ്പിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം നൽകിയത്. പശുവിനെയും എരുമയെയും വാങ്ങാൻ ക്ഷീര കർഷകർക്ക് മൂന്നു ലക്ഷം രൂപവരെ പലിശ രഹിത വായ്പ അനുവദിക്കുമെന്നും 50,000 രൂപ പരിധിയിലുള്ള ക്രെഡിറ്റ് കാർഡും അനുവദിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം.

ക്ഷീര കർഷകർക്കുള്ള പാൽ സബ്സിഡി ലിറ്ററിന് അഞ്ചു രൂപയിൽ നിന്ന് ഏഴുരൂപയായി വർധിപ്പിക്കും. എല്ലാ ഡിവിഷനുകളിലും നന്ദിനി ഡയറി ടെക്നോളജി പോളിടെക്നിക് സ്ഥാപിക്കും - കോൺഗ്രസ് വ്യക്തമാക്കി.

ഗുജറാത്തിലെ അമുൽ ബ്രാൻഡ് കർണാടക വിപണിയിലേക്ക് പ്രവേശിക്കുന്നുവെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചതോടെയാണ് നന്ദിനി വാർത്തകളിലിടം പിടിച്ചത്. 

Tags:    
News Summary - Karnataka's 'Nandini' In Congress Manifesto After BJP's Free Milk Promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.