ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ ചന്ദൗസി നഗരത്തിലെ ശാഹി ജമാമസ്​ജിദ് കോടതി ഉത്തരവിന്‍റെ ന്യായത്തിൽ ആവർത്തിച്ച്​ സർവേ നടത്താനുള്ള അധികൃതരുടെ ശ്രമം അഞ്ചുപേരുടെ മരണത്തിനും പൊലീസുകാർ അടക്കം അനേകരുടെ പരിക്കിനും ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുനാശത്തിനും ഇടയാക്കിയ വൻദുരന്തമായി കലാശിച്ചിരിക്കുന്നു. ക്രി.വ. 1529 ൽ മുഗൾ ചക്രവർത്തി ബാബറിന്‍റെ ഭരണകാലത്ത്​ ഹരിഹരക്ഷേത്രം തകർത്ത്​ നിർമിച്ചതാണ്​ ശാഹി ജമാമസ്​ജിദ്​ എന്ന്​ ആരോപിച്ചും അതു ​തെളിയിക്കാൻ പള്ളിയിലും പരിസരത്തും സർവേ നടത്താൻ ആവശ്യപ്പെട്ടും സംഘ്​പരിവാർ നേതാവായ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിൽ നവംബർ 19നാണ് സംഭൽ സീനിയർ ഡിവിഷൻ സിവിൽ കോടതി ജഡ്​ജി ആദിത്യസിങ് അനുകൂലവിധി പുറപ്പെടുവിച്ചത്. അന്നേ ദിവസം​ ഉച്ചകഴിഞ്ഞ്​ സമർപ്പിക്കപ്പെട്ട ഹരജിയിൽ മണിക്കൂറുകൾക്കകം വിധിപറഞ്ഞ ജഡ്ജി,​ കമീഷണ​റോട്​ പ്രാഥമിക സർവേ നടത്താനും നവംബർ 29നകം റിപ്പോർട്ട്​ ഫയൽ ചെയ്യാനും ഉത്തരവിടുകയുമായിരുന്നു. എതിർകക്ഷിക്ക്​ നോട്ടീസ്​ അയക്കാതെ, അവരെ കേൾക്കുക പോലും ചെയ്യാതെയായിരുന്നു കോടതിയുടെ അതിവേഗ തീർപ്പ്​. ​വിധിവന്ന ദിവസംതന്നെ കമീഷണറുടെ നേതൃത്വത്തിൽ പള്ളിയിൽ വന്ന്​ രണ്ടു മണിക്കൂർ സർവേ നടത്തി. ഞായറാഴ്ച രാവിലെ ഏഴിന്​ വീണ്ടും കമീഷണറുടെ ആറംഗ സംഘം മുൻകൂർ വിവരം ​നൽകാതെ പൊലീസ്​, മാധ്യമ അകമ്പടിയോടെ രണ്ടാം തവണയും സർവേക്ക്​ എത്തി. ഔദ്യോഗിക സർവേ നടപടികൾക്ക്​ എത്തുന്ന ഉദ്യോഗസ്ഥരെ ജയ്​ശ്രീറാം വിളികളുമായി സംഘ്​പരിവാർ അണികൾ അനുഗമിച്ചു. വിവരമറിഞ്ഞു പള്ളിപരിസരത്തെത്തിയ വിശ്വാസികൾ പ്രതിഷേധമുയർത്തി. ജനം കൂട്ടമായി എത്തിയതോടെ പൊലീസ്​ ലാത്തിവീശി, കണ്ണീർവാതകം പ്രയോഗിച്ചു. ജനക്കൂട്ടത്തിൽനിന്നു പൊലീസിനു നേരെ കല്ലേറുണ്ടായി. മുന്നറിയിപ്പൊന്നും നൽകാതെ വെടിയുതിർത്തതിൽ അഞ്ചു ചെറുപ്പക്കാർ കൊല്ലപ്പെട്ടു. പ്രദേശത്ത്​ ഇന്‍റർനെറ്റ്​ നിരോധം ഏർപ്പെടുത്തിയ​ പൊലീസ്​ മുസ്​ലിം വീടുകളിൽ കയറിയിറങ്ങി മുപ്പതോളം യുവാക്കളെ പിടിച്ചുകൊണ്ടു പോയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

1904 ലെ പുരാവസ്തു സംരക്ഷണനിയമമനുസരിച്ച് 1920 ഡിസംബർ 22ന്​ സംരക്ഷിത സ്മാരകമായി നോട്ടിഫൈ ചെയ്തതാണ്​ സംഭലിലെ ശാഹി ജമാമസ്​ജിദ്​. ദേശീയസ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയും മസ്​ജിദിനെ അംഗീകരിച്ചതാണ്​. എന്നാൽ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൽക്കി അവതാരത്തിനു സമർപ്പിച്ച ശ്രീ ഹരിഹരക്ഷേത്രം സംഭൽ നഗരഹൃദയത്തിലെ സ്ഥലം ജമാമസ്​ജിദ്​ കമ്മിറ്റി നിയമവിരുദ്ധമായി പിടിച്ചെടുത്തിരിക്കുന്നെന്ന് ആരോപിച്ച്​ സംഭൽ കോടതിയിൽ എട്ട് അന്യായങ്ങളാണ് സംഘ്​പരിവാറുകാർ ഫയൽ ചെയ്തിരിക്കുന്നത്. ഗ്യാൻവാപി പള്ളിക്കെതിരെ കോടതി കയറിയ അഡ്വ. ഹരിശങ്കർ ജെയിനുമുണ്ട്​ കൂട്ടത്തിൽ. ദശാവതാരമായ കൽക്കിയുടെ കാവലിടമായ സംഭലിലെ ഹരിഹര ക്ഷേത്രം ബാബറിന്‍റെ കാലത്ത് ഭാഗികമായി തകർത്തെന്നും അവശിഷ്ട ഭാഗം മുസ്​ലിംകൾ കൈയടക്കി പള്ളിയാക്കി ഉപയോഗിച്ചു എന്നുമാണ്​ ഹരജിക്കാരുടെ വാദം. അതിൽ ശരിയുണ്ടോ എന്നു നോക്കാനുള്ള സർവേക്ക്​ കോടതി ഉത്തരവിട്ടതാണിപ്പോൾ ദുരന്തത്തി​ലേക്കു വഴിതുറന്നിരിക്കുന്നത്​.

ബാബരി അനുഭവം മതനിര​പേക്ഷ ജനാധിപത്യ ഇന്ത്യയിൽ ആവർത്തിച്ചുകൂടാ എന്ന നിർബന്ധത്തിലാണ്​ ബാബരി ധ്വംസനത്തിന്‍റെ തലേവർഷം 1991ൽ പാർലമെന്‍റ്​, ആരാധനാലയങ്ങൾ 1947 ആഗസ്റ്റ്​ 15ന്‍റെ സ്വാതന്ത്ര്യദിനത്തിൽ ഏതു നിലയിലാ​ണോ, തൽസ്ഥിതി തുടരണമെന്നും അതിൽ ഇതരവിഭാഗങ്ങൾ അവകാശവാദം ഉന്നയിക്കുക​യോ തങ്ങളുടേതാക്കി മാറ്റുകയോ ചെയ്യരുതെന്നും അനുശാസിക്കുന്ന ആരാധനസ്ഥല നിയമനിർമാണം നടത്തിയത്​. ബാബരിക്കു പിറകെ, ഹിന്ദുത്വതീവ്രവാദികൾ ചരിത്ര പ്രസിദ്ധമായ പള്ളികളുടെയും സ്മാരകങ്ങളുടെയും കുഴിമാന്തി വിവാദങ്ങളുണ്ടാക്കുന്ന ഘട്ടത്തിൽ ആ നിയമനിർമാണം രാജ്യത്തിന്​ വലിയ ആശ്വാസമാണ്​ നൽകിയത്​. 1994ൽ ഒരു കേസിൽ വിധിപറയവെ, സുപ്രീംകോടതി, വർത്തമാനത്തെയും ഭാവിയെയും തല്ലിയൊതുക്കാൻ ചരിത്രവും അതിലെ പിഴവുകളും ഉപകരണമാക്കിക്കൂടാ എന്നു പറഞ്ഞ്​ അതിനെ കൂടുതൽ ബലപ്പെടുത്തി. 2019ൽ ബാബരിമസ്​ജിദ്​ സ്ഥലം രാമക്ഷേത്രത്തിന്​ വിട്ടുകൊടുത്ത വിധിയിലും സുപ്രീംകോടതി ഈ നിയമം കാത്തുരക്ഷിക്കേണ്ട കാര്യം പറഞ്ഞിരുന്നു.

എന്നാൽ, ബാബരി മസ്​ജിദ്​ സ്ഥലത്ത്​ രാമക്ഷേത്രം സാക്ഷാത്​കരിക്കപ്പെട്ടതോടെ മറ്റു പള്ളികളുടക്കാൻ വഴിമുടക്കുന്നത്​ 1991ലെ നിയമമാണ്​ എന്നു ബോധ്യമായ സംഘ്​പരിവാർ അതിനെതിരെ കോടതി കയറാൻ തുടങ്ങി. ​കേന്ദ്രത്തിൽ മോദിയുടെ രണ്ടാമൂഴത്തിൽ ബി.ജെ.പി നേതാവ്​ അശ്വനികുമാർ ഉപാധ്യായ അടക്കമുള്ളവർ നിയമത്തിനെതിരെ സുപ്രീംകോടതിയിലെത്തി. അന്നത്തെ ചീഫ്​ ജസ്റ്റിസ്​ എസ്​.എ. ബോബ്​​ഡെ അടങ്ങുന്ന രണ്ടംഗ ബെഞ്ച്​ ഹരജി സ്വീകരിച്ച്​ 2021 മാർച്ചിൽ ​​കേന്ദ്രത്തിന്‍റെ അഭിപ്രായമാരാഞ്ഞ്​ നോട്ടീസ്​ അയച്ചു. പിന്നെയും ആറു തവണ ​​നോട്ടീസ്​ നൽകിയെങ്കിലും മറുപടിയുണ്ടായില്ല. അതിനി​ടെയാണ് 2021 ആഗസ്റ്റിൽ ഗ്യാൻവാപി മസ്​ജിദിൽ ഹിന്ദുക്കൾക്ക്​ പ്രാർഥന അനുമതി തേടി വാരാണസി സിവിൽ കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്​. അതി​നെതിരെ പള്ളിപരിപാലന കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. സർവേക്ക്​ ഇടക്കാല സ്​റ്റേ നൽകിയ പരമോന്നത കോടതി, കേസിൽ ഹൈ​കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. ഹരജി തള്ളിയ ഹൈകോടതി ശാസ്ത്രീയ സർ​വേ പൂർത്തിയാക്കാൻ അനുമതി നൽകുകയായിരുന്നു. വീണ്ടും സുപ്രീംകോടതിയി​ലെത്തിയെങ്കിലും സർവേ മുടക്കാനുള്ള ഇടപെടലിന്​ സുപ്രീംകോടതി വിസമ്മതിച്ചു. മാത്രമല്ല, അയോധ്യ ബെഞ്ചിലുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ 1991​ലെ നിയമത്തിന്​ പരിരക്ഷ നൽകിയ മുൻവിധിയെ മറികടന്ന്​ സർവേ ശരിവെച്ച അലഹബാദ്​ ഹൈകോടതി വിധിയെ വാചാ പിന്തുണച്ചു. അതോ​ടെ ഏത് അന്യായ അവകാശവാദവും സർവേക്ക്​ വിടുക എന്ന തീർപ്പിലേക്ക്​ ​കീഴ്​കോടതികൾ നീങ്ങുന്നതാണ്​ കണ്ടത്​. അതിന്‍റെ ആദ്യപരീക്ഷണമാണ്​ സംഭലിൽ നടന്നത്​. അതുതന്നെ രാജ്യത്തിന്‍റെ മറ്റിടങ്ങളിലും ആവർത്തിക്കാതിരിക്കാൻ സംഘ്​ഭരണത്തിൽ സാധ്യത കാണുന്നില്ല. ആ ഗൗരവത്തിൽ വിഷയത്തെ കാണാനും പരിഹാരമാർഗങ്ങൾ ആരായാനും പ്രതിപക്ഷമടക്കമുള്ള സംഘ്​പരിവാർ ഇതരർക്ക്​ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇന്ത്യയുടെ ഭാവി.

Tags:    
News Summary - Madhyamam Editorial 2024 Nov 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT